വാര്‍ദ്ധക്യത്തില്‍ ഉണ്ടാകാവുന്ന സ്വാഭാവിക ഓര്‍മ്മക്കുറവില്‍ നിന്ന് വ്യത്യസ്തമായി, മറ്റെന്തെങ്കിലും കാരണത്താല്‍ മസ്തിഷ്‌ക്കത്തിന്റെ സവിശേഷധര്‍മ്മങ്ങള്‍ നഷ്ടപ്പെട്ട് ഗുരുതരമായ മറവിയുണ്ടാകുന്ന അവസ്ഥയാണ് മേധാക്ഷയം അഥവാ ഡിമെന്‍ഷ്യ. അല്‍ഷിമേഴ്‌സ് രോഗം അഥവാ സ്മൃതിനാശം എന്നത് ഡിമെന്‍ഷ്യ വിഭാഗത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗാവസ്ഥയാണ്. നിലവില്‍ ചികിത്സയില്ലാത്തതും സാവധാനം മരണകാരണമാവുന്നതുമായ ഒരു രോഗമാണിത്. അല്‍ഷിമേഴ്സ് രോഗത്തിന്റെ ഉള്‍പ്പടെയുള്ള മറ്റ് ഡിമെന്‍ഷ്യകളുടെ ആദ്യകാല ലക്ഷണങ്ങളിലൊന്ന് ഓര്‍മ്മക്കുറവാണ്. സാധാരണയായി 65 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരിലാണ് അല്‍ഷിമേഴ്സ് രോഗം കാണപ്പെടുന്നതെങ്കിലും മധ്യവയസ്‌കരിലും ഇത് ബാധിക്കാം. പ്രധാനമായും അറിവ്, ഓര്‍മ്മ, ഭാഷ എന്നിവയ്ക്ക് ഉത്തരവാദികളായ മസ്തിഷ്‌ക മേഖലകള്‍ ഈ രോഗത്താല്‍ ബാധിക്കപ്പെടുന്നു. ഓര്‍മ്മകള്‍ നഷ്ടപ്പെടുന്നതില്‍ നിന്ന് ആരംഭിച്ച് നിത്യേജീവിതത്തിലെ കാര്യങ്ങള്‍ വരെ മറക്കുകയും പ്രതികരണശേഷിയും സംഭാഷണങ്ങള്‍ തുടരാനുമുള്ള ശേഷിയും നഷ്ടപ്പെടുന്നതിലേക്ക് പുരോഗമിക്കുന്നു. ഈ രോഗമുള്ളവര്‍ക്ക് പതിയെ പതിയെ അവരുടെ ചുറ്റുപാടുകളോട് പ്രതികരിക്കാനുമുള്ള എല്ലാ തരത്തിലുള്ള കഴിവ് നഷ്ടപ്പെട്ടേക്കാം.
ദിനചര്യയിലും ചിന്താ പ്രക്രിയയിലും ഈ ബോധപൂര്‍വമായ മാറ്റങ്ങള്‍ വരുത്തുന്നത് അല്‍ഷിമേഴ്സ് രോഗത്തിന്റെ സാധ്യത ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കും. അല്‍ഷിമേഴ്സ് സാധ്യത കുറയ്ക്കാനുള്ള കാര്യങ്ങള്‍ പിന്തുടരുമ്പോള്‍ ആ രോഗം മാത്രമല്ല ശാരീരികവും മാനസികവുമായ ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അല്‍ഷിമേഴ്സ് വരാനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്ന ചില ദൈനംദിന പരിശീലനങ്ങള്‍ അറിയാം: സ്ഥിരമായ ശാരീരിക വ്യായാമങ്ങളില്‍ ഏര്‍പ്പെടുക വ്യായാമം പോലുള്ള ശാരീരിക പ്രവര്‍ത്തനങ്ങള്‍ തലച്ചോറിന്റെ ആരോഗ്യത്തെ നല്ല രീതിയില്‍ സ്വാധീനിക്കുകയും അല്‍ഷിമേഴ്സ് സാധ്യത കുറയ്ക്കുകയും ചെയ്യും. ആഴ്ചയില്‍ കുറഞ്ഞത് 150 മിനിറ്റെങ്കിലും മിതമായ തീവ്രതയുള്ള വ്യായാമം ചെയ്യുക. പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, ആരോഗ്യകരമമായ പ്രോട്ടീനുകളും കൊഴുപ്പുകളും എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് അല്‍ഷിമേഴ്സ് രോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. അധിക പഞ്ചസാര, പൂരിത കൊഴുപ്പുകള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുക.
ആവശ്യത്തിന് ഉറങ്ങുക നല്ല രാത്രി ഉറക്കം തലച്ചോറിന്റെ ആരോഗ്യത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഇത് ഓര്‍മ്മയെയും വൈജ്ഞാനിക പ്രവര്‍ത്തനത്തെയും ഗുണപരമയാ സഹായിക്കും. എല്ലാ ദിവസവും 7-8 മണിക്കൂര്‍ തടസ്സമില്ലാത്ത ഉറക്കം ലക്ഷ്യമിടുക. തലച്ചോറിനെ സജീവമാക്കുക തലച്ചോറിനെ വെല്ലുവിളിക്കുന്ന മനസ്സിനെ ഉത്തേജിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. പസിലുകള്‍, വായന, ഒരു പുതിയ ഭാഷ പഠിക്കുക, അല്ലെങ്കില്‍ ഒരു സംഗീത ഉപകരണം പരിശീലിക്കുക തുടങ്ങിയ ഇതിലുള്‍പ്പെടുന്നു. മസ്തിഷ്‌കം സജീവമായി നിലനിര്‍ത്തുകയും നിരന്തരം പഠിക്കുകയും ചെയ്യുന്നത് അല്‍ഷിമേഴ്സ് രോഗ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.സാമൂഹിക ബന്ധങ്ങള്‍ നിലനിര്‍ത്തുക പതിവ് സാമൂഹിക ഇടപെടലും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ബന്ധം നിലനിര്‍ത്തുന്നത് തലച്ചോറിനെ സജീവമായി നിലനിര്‍ത്താനും വൈജ്ഞാനിക തകര്‍ച്ചയുടെ സാധ്യത കുറയ്ക്കാനും സഹായിക്കും. സ്വന്തം താല്‍പ്പര്യങ്ങളുമായി പൊരുത്തപ്പെടുന്ന അല്ലെങ്കില്‍ കമ്മ്യൂണിറ്റി ഇവന്റുകളില്‍ പങ്കെടുക്കുന്ന ക്ലബ്ബുകളിലോ ഗ്രൂപ്പുകളിലോ ചേരുക.
സമ്മര്‍ദ്ദം നിയന്ത്രിക്കുക വിട്ടുമാറാത്ത സമ്മര്‍ദ്ദം തലച്ചോറിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. ധ്യാനം, ആഴത്തിലുള്ള ശ്വസന വ്യായാമങ്ങള്‍ അല്ലെങ്കില്‍ യോഗ തുടങ്ങിയ സമ്മര്‍ദ്ദം കുറയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് അല്‍ഷിമേഴ്സ് രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. മദ്യപാനം പരിമിതപ്പെടുത്തുക മദ്യപാനം പൂര്‍ണ്ണമായും ഒഴിവാക്കുന്നതാണ് നല്ലത്. അമിതമായ മദ്യപാനം ബുദ്ധിശക്തി കുറയുന്നതിനും അല്‍ഷിമേഴ്‌സ് രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകും. മിതമായ മദ്യപാനത്തിന്റെ അളവ് സ്ത്രീകള്‍ക്ക് പ്രതിദിനം ഒരു പെഗ്ഗും പുരുഷന്മാര്‍ക്ക് പ്രതിദിനം രണ്ട് പെഗ്ഗുമാണ്. ഇത് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കാനല്ലെന്ന് കൂടി മനസ്സിലാക്കുക. പുകവലി ഉപേക്ഷിക്കുക പുകവലി രക്തക്കുഴലുകളെ തകരാറിലാക്കുകയും അല്‍ഷിമേഴ്സ് ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പുകവലി കാരണം ബുദ്ധിശക്തി കുറയാനുള്ള സാധ്യതയുമുണ്ട്. പുകവലി ഉപേക്ഷിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തും. പുകവലി മാത്രമല്ല, പുകയില, മൂക്കുപ്പൊടി പോലുള്ളവയുടെ ഉപയോഗവും ഒഴിവാക്കുന്നതാണ് ഉത്തമം.
മസ്തിഷ്‌കം സംരക്ഷിക്കുക ആഘാതകരമായ മസ്തിഷ്‌ക പരിക്കുകള്‍ അല്‍ഷിമേഴ്‌സ് രോഗം വികസിപ്പിക്കാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനാല്‍, മസ്തിഷ്‌കം സംരക്ഷിക്കാന്‍ ശ്രദ്ധിക്കണം. വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ് എന്നിവ ധരിക്കുക. അപകടസാധ്യത കൂടുതലുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഹെല്‍മറ്റ് ഉപയോഗിക്കുകയും, വീഴ്ചകള്‍ തടയാനുള്ള മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യുക.