അബുദാബി : രാജ്യമെങ്ങും കനത്ത മൂടൽമഞ്ഞ്. അബുദാബിയുടെ വിവിധഭാഗങ്ങളിൽ മൂടൽമഞ്ഞിനെത്തുടർന്ന് കാലാവസ്ഥാകേന്ദ്രം സുരക്ഷാമുന്നറിയിപ്പ് നൽകി. ചൊവ്വാഴ്ച രാവിലെ അബുദാബി റോഡുകളിൽ മൂടൽമഞ്ഞിനെത്തുടർന്ന് വാഹനഗതാഗതം തടസ്സപ്പെട്ടിരുന്നു. 6.9 ഡിഗ്രി സെൽഷ്യസ് ആയിരുന്നു രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില. ചൊവ്വാഴ്ച രാവിലെ 6.15 മുതൽ 9.15 വരെ മൂന്ന് മണിക്കൂറോളം കനത്ത മൂടൽമഞ്ഞായിരുന്നു. അതോടെ ഡ്രൈവർമാരോട് ജാഗ്രത പാലിക്കാൻ അബുദാബി പോലീസ് അഭ്യർഥിച്ചു.
ശൈഖ് ഖലീഫ ബിൻ സായിദ് ഇന്റർനാഷണൽ റോഡ്, അബുദാബി ഇൻഡസ്ട്രിയൽ സിറ്റി, അൽ അരിസം പാലം എന്നിവിടങ്ങളിൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററാക്കി കുറയ്ക്കുകയും ചെയ്തു. മൂടൽമഞ്ഞുള്ള സമയങ്ങളിൽ വാഹനമോടിക്കുന്നവർ നിശ്ചിതവേഗപരിധി പാലിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. അബുദാബി ദ്വീപ്, യാസ് ദ്വീപ്, സാദിയാത്ത് ദ്വീപ്, ശൈഖ് ഖലീഫ സ്ട്രീറ്റ്, അൽ ജുബൈൽ ദ്വീപ്, കോർണിഷ്, അൽ ബത്തീൻ വിമാനത്താവളം എന്നിവിടങ്ങളിലെല്ലാം ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടതായി ദേശീയ കാലാവസ്ഥാകേന്ദ്രം അറിയിച്ചു.