ഷിംല : കനത്ത മഴയെ തുടർന്ന് ഹിമാചല്‍ പ്രദേശില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലും ഉരുൾപൊട്ടലും. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 21 ആയി ഉയർന്നിട്ടുണ്ട്. ആറുപേരെ കാണാതായി. ഇവരെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കാര്യക്ഷമമായ രക്ഷാപ്രവർത്തനം ഉറപ്പാക്കാൻ എല്ലാ വകുപ്പുകൾക്കും മുഖ്യമന്ത്രി ജയ് റാം താക്കൂർ നിർദ്ദേശം നൽകി.
പ്രളയ സാധ്യതയുള്ള സ്ഥലത്തെ ആളുകളെ അടിയന്തരമായി ഒഴിപ്പിക്കാനും രക്ഷാപ്രവർത്തനത്തിന് വേണ്ട കൂടുതൽ സാമഗ്രികൾ സജ്ജമാക്കാനുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ആശുപത്രികളിലേക്കുള്ള റോഡുകളിലെ തടസം നീക്കി ഉടൻ തന്നെ ഗതാഗതം പുനഃസ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിനോദസഞ്ചാരികൾ നദീതീരങ്ങൾക്ക് പോകുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. ഇന്നലെ മാത്രം 34 ഇടങ്ങളിലാണ് മിന്നൽ പ്രളയമുണ്ടായത്. ആഗസ്ത് 25 വരെ ഹിമാചലിൽ മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റിയും അറിയിച്ചിട്ടുണ്ട്.