റിയാദ് : സൗദി അറേബ്യയിലെ വിവിധ പ്രവിശ്യകളിൽ ഇന്ന് മുതൽ തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മക്ക പ്രവിശ്യയിലെ താഇഫ്, മൈസാൻ, അദം, അൽ അർദിയാത്ത് എന്നിവിടങ്ങളിൽ മിതമായത് മുതൽ ശക്തമായ മഴ വരെ ലഭിക്കും. ഇവിടെ മലവെള്ളപ്പാച്ചിൽ, ആലിപ്പഴ വർഷം, ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ജിസാൻ, അസീർ, അൽ ബഹ, മദീന, നജ്റാൻ പ്രവിശ്യകളിലും മിതമായത് മുതൽ ശക്തമായ മഴ വരെ ലഭിക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. മക്ക നഗരത്തിലും അൽ കാമിൽ, അൽ ജുമൂം, ബഹ്റ, അൽ ലൈത്ത്, അൽ ഖുൻഫുദ എന്നിവിടങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.
മഴ മുന്നറിയിപ്പിനെ തുടർന്ന് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് നിർദേശിച്ചു. വാദികൾ, താഴ്ന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വെള്ളം കെട്ടിനിൽക്കാനും മലവെള്ളപ്പാച്ചിലിനും സാധ്യതയുള്ളതിനാൽ ഇത്തരം സ്ഥലങ്ങളിൽ നിന്ന് അകന്നുനിൽക്കണം. മലവെള്ളപ്പാച്ചിലിൽ നീന്തരുതെന്നും സുരക്ഷിതമായ സ്ഥലങ്ങളിൽ തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അധികൃതർ നൽകുന്ന ഔദ്യോഗിക മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും സിവിൽ ഡിഫൻസ് ആവശ്യപ്പെട്ടു.































