റാന്നി: ശക്തമായ മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ മരങ്ങൾ വീണ് വ്യാപക നാശനഷ്ടം. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വെച്ചുച്ചിറ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലാണ് ശനിയാഴ്ച രാത്രി എട്ടോടെ വീശിയടിച്ച കാറ്റിലാണ് നാശനഷ്ടം ഉണ്ടായത്. ശക്തമായ മഴയ്ക്കൊപ്പം കാറ്റ് വീശി അടിച്ചതാണ് മരങ്ങൾ കടപുഴകി വീഴാന്‍ ഇടയായത്. കൂത്താട്ടുകുളം, മണ്ണടിശാല വാകമുക്ക്, വർക്കലമുക്ക്, പ്ലാവേലിനിരവ്, കൊല്ലമുള്ള മേഖലകളിലാണ് ഏറെ നാശനഷ്ടം ഉണ്ടായത്. കൂത്താട്ടുകുളം പാലോലിൽ ബിന്ദു, പുത്തൻപുരക്കൽ രാജീവ് എന്നിവരുടെ വീടുകൾ മരം വീണ് പൂർണമായും തകർന്നു. വർക്കലമുക്ക് തച്ചനാലിൽ തങ്കച്ചൻ്റെ വീടിനും കേടുപാട് സംഭവിച്ചിട്ടുണ്ട്.
വാകമുക്ക് പുലിയള്ളിൽ കൊച്ചുമോന്റെ വീടിനും നാശമുണ്ടായിട്ടുണ്ട്. ഇടമുറി വലിയ പതാലിൽ തേക്കുമരം കടപുഴകി വീണ് ഐപിസി ഹാളിന് കേടുപാട് സംഭവിച്ചു. അഡ്വ. പ്രമോദ് നാരായൺ എംഎൽഎ നാശനഷ്ടം ഉണ്ടായ സ്ഥലങ്ങൾ സന്ദർശിച്ചു. അടിയന്തിരമായി നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഗ്രാമപഞ്ചായത്ത് എൻജിനീയറിങ് വിഭാഗം തിങ്കളാഴ്ച വീടുകളുടെ നാശനഷ്ടത്തിന്റെ കണക്കെടുക്കുന്നതിന് എംഎൽഎ നിർദ്ദേശം നൽകി. ഇത് റവന്യൂ വകുപ്പിന് കൈമാറി ജില്ലാ കളർക്ക് സമർപ്പിക്കും. തുടർന്ന് അടിയന്തിരമായി നഷ്ടപരിഹാരം നൽകുന്നതിന് വേണ്ട നിർദ്ദേശം നൽകുമെന്നും എംഎൽഎ പറഞ്ഞു.