തിരുവല്ല : രണ്ടു ദിവസങ്ങളിലായി പെയ്ത കനത്ത മഴയില്‍ താലൂക്കില്‍ വ്യാപക നാശം. 15 വീടുകള്‍ തകര്‍ന്നു. മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞു. കനത്ത പേമാരിയില്‍ നഗരത്തിലടക്കം മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി.
വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് വീട്ടമ്മയ്ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകിട്ട് അഞ്ചുമുതല്‍ പെയ്ത മഴ ശക്തികുറഞ്ഞും കൂടിയും തിങ്കളാഴ്ച പുലര്‍ച്ചവരെ നീണ്ടു. കനത്ത കാറ്റും വീശി. തുകലശ്ശേരി മാനാങ്കേരില്‍ വീട്ടില്‍ സോമരാജന്റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഈ സമയത്ത് സോമരാജന്റെ ഭാര്യ ജയശ്രീ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ശബ്ദം കേട്ടെത്തിയ അയല്‍ക്കാര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ ജയശ്രീയെ രക്ഷപ്പെടുത്തി. തലയ്ക്കും കാലിനും പരിക്കേറ്റ ജയശ്രീ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സമീപത്തെ നാല് വീടുകളും അപകട ഭീഷണിയിലാണ്.