ഒറ്റപ്പാലം: മഴക്കാലമായതിനാല്‍ കുട്ടികളെ ഷൂസ് ധരിച്ച് സ്‌കൂളില്‍ എത്താന്‍ നിര്‍ബന്ധിക്കരുതെന്ന് രക്ഷിതാക്കളുടെ അപേക്ഷ. മഴവെളളത്തില്‍ ചവിട്ടി നടന്നെത്തുന കുട്ടികള്‍ നനഞ്ഞ ഷൂസും സോക്‌സും കാലിലിട്ട് ആറ് മണിക്കൂറിലധികം ക്ലാസ്സ് മുറിയില്‍ ഇരിക്കേണ്ടി വരുന്ന അവസ്ഥ പരിതാപകരവും ഹൃദയഭേദകവുമാണ്. കുട പിടിച്ചാല്‍ മാത്രം ഷൂസും സോക്‌സും നനയാതിരിക്കില്ല. മഴക്കാലമായിട്ടും പല സ്‌കൂളികളിലും ചെറിയ ക്ലാസ് മുതല്‍ യൂണിഫോമിനൊപ്പം ഷൂസും നിര്‍ബന്ധമാണ്.മഴ നനഞ്ഞെത്തുന്ന കുട്ടികളുടെ മനഃപ്രയാസം മനസ്സിലാകാതെ പോകരുതെന്നും രക്ഷിതാക്കള്‍ പറയുന്നു. മണിക്കൂറോളം നനഞ്ഞ സോക്‌സും ഷൂസും ധരിക്കുന്ന കുട്ടികള്‍ക്ക് പനിയും ജലദോഷവും കാലില്‍ വ്രണവും കാല് കടച്ചിലും ഉറക്കമില്ലായ്മയും ചൊറിച്ചിലുമൊക്കെ ഉണ്ടാക്കുന്നതായി പല രക്ഷിതാക്കളും പരാതിപ്പെടുന്നു.
ഉണങ്ങാത്ത ഷൂസിനുള്ളില്‍ നിന്ന് ക്ലാസ്സ് മുഴുവന്‍ ദുര്‍ഗ്ഗന്ധവും ഉയരും.അസ്വസ്ഥതയും ദുര്‍ഗ്ഗന്ധവും സഹിച്ചാണ് കുട്ടികള്‍ ക്ലാസുകളില്‍ ഇരിക്കുന്നത്. എന്നാല്‍ പല സ്‌കൂളുകളും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തതിനാല്‍ രക്ഷിതാക്കള്‍ പലരും കുട്ടികള്‍ക്ക് മൂന്നും, നാലും ജോഡി ഷൂസ് വാങ്ങേണ്ട അവസ്ഥയാണ്. മഴ സമയത്തെങ്കിലും ഷൂസ് ഇടുന്നത് ഒഴിവാക്കണമെന്ന് സ്‌കൂള്‍ അധികൃതരോട് ആവശ്യപ്പെടാന്‍ പല രക്ഷിതാക്കള്‍ക്കും ഭയവുമാണ്. അച്ചടക്കത്തിന്റെ വാള്‍ ഉപയോഗിക്കുമോ എന്നാണ് ആശങ്ക.