പത്തനംതിട്ട : ശബരിമലയില്‍ കനത്ത മഴ തുടരുന്നു. അതിതീവ്ര മഴയുടെ പശ്ചത്തലത്തില്‍ ദുരന്ത സാദ്ധ്യത മുന്‍നിര്‍ത്തി ശബരിമലയില്‍ തീര്‍ത്ഥാടനം നിയന്ത്രിച്ചുകൊണ്ട് ഉത്തരവിറക്കി. ഇന്നും, നാളെയും തീര്‍ത്ഥാടനം അനുവദിക്കില്ലെന്നാണ് ഉത്തരവില്‍ പറയുന്നത്. എന്നാല്‍ ഇന്നലെ മല ചവിട്ടിയവര്‍ക്ക് ദര്‍ശനത്തിന് അനുമതി നല്‍കും.
നിലയ്ക്കലില്‍ എത്തിയ ഭക്തരെ മടക്കി അയക്കും. കാത്തുനില്‍ക്കാന്‍ സന്നദ്ധരാകുന്നവര്‍ക്ക് ഇടത്താവളങ്ങളില്‍ സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. നിലവില്‍ ശബരിമലയില്‍ ഉള്ള ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍, ദുരന്തനിവാരണം, കൊവിഡ് 19 എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് യാത്ര ചെയ്യുന്നതിന് നിരോധനം ബാധകമല്ലെന്ന് അധികൃതര്‍ അറിയിച്ചു.
രണ്ട് ദിവസമായി ജില്ലയില്‍ കനത്ത മഴയാണ്. ഈ സാഹചര്യത്തില്‍ പമ്പയിലെ വെള്ളപ്പൊക്കം, വനമേഖലകളിലെ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, കാറ്റില്‍ മരണങ്ങള്‍ കടപുഴകി വീണും, പോസ്റ്റുകള്‍ തകര്‍ന്നുവീണും ഉണ്ടാകാനിടയുള്ള അപകടങ്ങള്‍ എന്നിങ്ങനെയുള്ള സാദ്ധ്യത കണക്കിലെടുത്താണ് നടപടിയെന്ന് അധികൃതര്‍ വ്യക്തമാക്കി.