തിരുവനന്തപുരം : സംസ്‌ഥാനത്ത് രണ്ടു ദിവസം അതിതീവ്ര മഴയ്‌ക്കു സാധ്യതയെന്നു മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്നു റെഡ് അലെര്‍ട്ടും ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായിരിക്കാന്‍ കേന്ദ്ര സേനകള്‍ക്കു ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി.
പോലീസ്, അഗ്നിരക്ഷാസേന, സിവില്‍ ഡിഫന്‍സ് സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ പൂര്‍ണ സജ്‌ജരാണ്. കരസേന, ഡിഫന്‍സ് സര്‍വീസ് കോര്‍പ്‌സ്, നേവി, ഐ.ടി.ബി.പി. എന്നിവരും തയ്യാറായിട്ടുണ്ട്. വ്യോമസേനയുടെ വിമാനങ്ങളും സജ്‌ജമാണ്. ബി.എസ്.എഫ്, സി.ആര്‍.പി.എഫ്. സേനകളെ അവശ്യാനുസരണം വിന്യസിക്കും. റെഡ്, ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലെ ദുരന്ത സാധ്യതാ മേഖലകളിലുള്ളവരെ മുന്‍കരുതലിന്റെ ഭാഗമായി ഉടന്‍തന്നെ ക്യാമ്പുകളിലേക്കു മാറ്റാന്‍ നിര്‍ദേശം നല്‍കി. രാത്രിയില്‍ മഴ ശക്‌തിപ്പെടുന്ന സാഹചര്യമുള്ളതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ പകല്‍ തന്നെ നിര്‍ബന്ധപൂര്‍വം ആളുകളെ മാറ്റി താമസിപ്പിക്കും.
മണ്ണിടിച്ചിലിനു സാധ്യത ഉള്ളതിനാല്‍ വൈകിട്ട് ഏഴു മുതല്‍ രാവിലെ ഏഴു വരെ മലയോര മേഖലയിലേക്കുള്ള ഗതാഗതം നിരോധിക്കാനും ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കി. ഈ മാസം 23 വരെ ശക്‌തമായ മഴ ലഭിക്കുമെന്നു കേന്ദ്രകാലാവസ്‌ഥാ വകുപ്പ് അറിയിച്ചു. കേരള, കര്‍ണാടക തീരം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 വരെ കിലോമീറ്റര്‍ വേഗത്തില്‍ ശക്‌തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നു മുന്നറിയിപ്പുണ്ട്. അതേസമയം മഴ ശക്തമായാല്‍ സംസ്ഥാനത്തെ ഡാമുകള്‍ തുറക്കേണ്ടിവരും. ഇടുക്കി അണക്കെട്ടില്‍ 80 ശതമാനം വെള്ളമുണ്ട്. 13 അടി കൂടി ഉയർന്നാൽ ചെറുതോണി അണക്കെട്ട് തുറക്കേണ്ടിവരും. നിലവിൽ മലങ്കര അണക്കെട്ടിന്റെ 5ഷട്ടറുകൾ 10സെന്റീമീറ്റര്‍ വീതം ഉയർത്തിയിട്ടുണ്ട്. കുണ്ടള അണക്കെട്ട് തുറന്നു. പാംബ്ലാ അണക്കെട്ട് ഇന്നലെ തുറന്നു.
മഴ ശക്തമായാൽ കല്ലാർകുട്ടി, ഹെഡ്‍വർക്സ്, മാട്ടുപ്പെട്ടി തുടങ്ങിയ ചെറുഡാമുകളും തുറക്കേണ്ടി വരും. പാലക്കാട് ജില്ലയിലെ മലമ്പുഴ, പോത്തുണ്ടി അണക്കെട്ടുകളുടെ ഷട്ടർ ഉയർത്താൻ സാധ്യതയുണ്ട്. കൽപ്പാത്തി, ഗായത്രി പുഴകളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം. നിലവിൽ കാഞ്ഞിരപ്പുഴ , മംഗലം ഡാമുകളുടെ ഷട്ടർ ഉയർത്തിയിട്ടുണ്ട്. അട്ടപ്പാടിയിലെ ഭവാനിപ്പുഴയിലും ജലനിരപ്പുയർന്നിട്ടുണ്ട്. ദക്ഷിണ ചൈനാക്കടലില്‍നിന്ന് പ്രവേശിച്ച ന്യോള്‍ ചുഴലിക്കാറ്റ് ദുര്‍ബലമാണെങ്കിലൂം ബംഗാള്‍ ഉള്‍ക്കടലില്‍ ഇതുമൂലം ന്യൂനമര്‍ദം രൂപമെടുക്കുന്നതാണ് കനത്ത മഴയ്‌ക്കു കാരണം. ഇതിന്റെ പ്രഭാവത്തില്‍ അറബിക്കടലില്‍ മണ്‍സൂണ്‍ കാറ്റിന്റെ ശക്‌തി കൂടി. ഈര്‍പ്പത്തിന്റെ അളവ് കൂടിയ മണ്‍സൂണ്‍ കാറ്റുമൂലം അതിശക്‌തമായ മഴയുണ്ടാകുമെന്നു കൊച്ചി ശാസ്‌ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണ കേന്ദ്രം സൂചിപ്പിക്കുന്നു.
വടക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മലയോരമേഖലകളിലുമാണ് മഴ കനക്കുക. കട്ടിയേറിയ മേഘപാളികളുമായാണ് മണ്‍സൂണ്‍ കാറ്റിന്റെ സഞ്ചാരം. കാറ്റിനു വേഗമേറുന്നതുകൊണ്ട് മേഘപാളികളുമായുള്ള സഞ്ചാരദൂരം കൂടും. മേഘം പശ്‌ചിമഘട്ട മലനിരകളില്‍ തടഞ്ഞ് വന മലമേഖലകളില്‍ അതിശക്‌തമായ മഴയ്‌ക്കിടയാക്കുമെന്നും ഗവേഷകര്‍ വിലയിരുത്തുന്നു.