തിരുവനന്തപുരം: മഴ കുറഞ്ഞതോടെ സംസ്ഥാനത്ത് ചൂട് ശക്തമാകുന്നതിനിടെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ നിലവിൽ മഴ സംബന്ധിച്ച് പ്രത്യേക മുന്നറിയിപ്പില്ല. അതേസമയം മഴയുടെ ശക്തി കുറഞ്ഞതിന് പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പകൽ താപനില ഉയരുകയാണ്. പല ജില്ലകളിലും താപനില 35 മുതൽ 36 ഡിഗ്രി സെൽഷ്യസ് വരെയെത്തി. സാധാരണയേക്കാൾ 4.5 ഡിഗ്രി സെൽഷ്യസ് വരെ അധിക ചൂടാണ് ചിലയിടങ്ങളിൽ രേഖപ്പെടുത്തുന്നത്.
ചൂടിനൊപ്പം സംസ്ഥാനത്ത് യു വി ഇൻഡക്സും ഉയരുന്നുണ്ട്. ഇടുക്കിയിൽ യു വി ഇൻഡക്സ് 11 രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് റെഡ് അലേർട്ടിന് സമാനമായ സാഹചര്യമാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കൊല്ലം, തൃശ്ശൂർ ജില്ലകളിലും ഓറഞ്ച് അലേർട്ടിന് സമാനമായ യു വി സാഹചര്യമാണ് നിലനിൽക്കുന്നത്.






























