ചെങ്ങന്നൂർ : ചെങ്ങന്നൂർ താലൂക്കിൽ ശക്തമായ മഴയിൽ വിവിധ ഭാഗങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. വെള്ളിയാഴ്ച വൈകിട്ടോടെ 10 ക്യാമ്പുകൾ തുറന്നു. ഇവിടങ്ങളിലായി 45 കുടുംബങ്ങളിലെ 181 അംഗങ്ങളാണുള്ളത്. എണ്ണയ്ക്കാട്, കുരട്ടിശ്ശേരി, മാന്നാർ, തിരുവൻവണ്ടൂർ, പാണ്ടനാട് മുളക്കുഴ വില്ലേജുകളിലാണ് ക്യാമ്പ് ആരംഭിച്ചത്. വില്ലേജ്, ക്യാമ്പ് എന്ന ക്രമത്തിൽ : എണ്ണയ്ക്കാട് – പകൽവീട് തയ്യൂർ, ജിഎച്ച്എസ് ബുധനൂർ, ഗവ. യുപിഎസ് എണ്ണയ്ക്കാട്. കുരട്ടിശ്ശേരി -സെയ്ന്റ് തോമസ് പാരിഷ് ഹാൾ. മാന്നാർ -യുപിഎസ് കുട്ടമ്പേരൂർ. തിരുവൻവണ്ടൂർ -ഗവ. എച്ച്എസ്എസ് തിരുവൻവണ്ടൂർ, ഹിന്ദു യുപിഎസ് ഇരമല്ലിക്കര. പാണ്ടനാട് -ഗവ. ഹോമിയോ ഡിസ്പെൻസറി, ഇല്ലിമല. മുളക്കുഴ -എൽപിഎസ് പിരളശ്ശേരി, എംഡി എൽപിഎസ് പിരളശ്ശേരി. മഴ ശക്തമാകുന്നതോടെ ക്യാമ്പിന്റെ എണ്ണം കൂടുമെന്ന് റവന്യൂ അധികൃതർ പറഞ്ഞു.
മുളക്കുഴ -തുലാക്കുഴി, തിരുവൻവണ്ടൂർ- നന്നാട്, ഇരമല്ലിക്കര, പുലിയൂർ, വെൺമണി -ശാർങ്‌ഗക്കാവ്, പാണ്ടനാട് പഞ്ചായത്ത് മുറിയായിക്കര, 13-ാം വാർഡ് ഇല്ലിമല, നാക്കട, ചെങ്ങന്നൂർ നഗരസഭയുടെ ഭാഗമായ മംഗലം, ഇടനാട് എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലാണ് വെള്ളംകയറിയത്. മഴ ശക്തിപ്രാപിച്ചതിനെത്തുടർന്ന് പമ്പ, അച്ചൻകോവിൽ, മണിമല, വരട്ടാർ എന്നീ നദികളിൽ ജലനിരപ്പുയർന്നു. നദികളുടെ തീരത്തു താമസിക്കുന്നവർ ഭീതിയിലാണ്. തീരം ഇടിഞ്ഞുതാഴുന്നതിനാൽ വളരെ ആശങ്കയോടെയാണ് ഇവർ കഴിയുന്നത്. പാണ്ടനാട്, മുറിയായിക്കര, കുത്തിയതോട്, ഇരമല്ലിക്കര, വരട്ടാറിന്റെ തീരപ്രദേശങ്ങളായ തിരുവൻവണ്ടൂർ തുരുത്തേൽ ഭാഗത്തെ പ്രദേശവാസികളായ ശ്രീരാജ് ശ്രീവിലാസം, നന്നാട് എസ്.ആർ. ഗോപിനാഥൻപിള്ള കളീക്കൽ പുത്തൻവീട്, ഇന്ദുകല കൊല്ലംപറമ്പിൽ, സുമതി, തടത്തിൽ ജോസഫ്, അനിൽകുമാർ, രാജപ്പൻ നായർ, വിജീഷ്, രാധാകൃഷ്ണൻ, എ.കെ. വാസുപിള്ള തുടങ്ങിയവരുടെ പുരയിടത്തിന്റെ ഭാഗങ്ങൾ ആറ്റിലേക്കു പതിച്ചു.