ചെന്നൈ: തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ തിങ്കളാഴ്ചയും കനത്ത മഴ തുടർന്നു. തൂത്തുക്കുടി, കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി ജില്ലകളിലെ നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ഈ ജില്ലകളിലേക്കും അയൽ സംസ്ഥാനമായ കേരളത്തിലേക്കുമുള്ള ട്രെയിനുകൾ റദ്ദാക്കി. അതേസമയം തമിഴ്‌നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയെ തുടർന്ന് തിരുനെൽവേലിക്കും ചെന്നൈയ്ക്കും ഇടയിൽ ഓടുന്ന വന്ദേ ഭാരത് ഉൾപ്പെടെയുള്ള വിവിധ ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ വകുപ്പ് അറിയിച്ചു. ഗുരുവായൂർ എക്‌സ് പ്രസ്, തിരുച്ചിറപ്പള്ളി – തിരുച്ചിറപ്പള്ളി എക്‌സ് പ്രസ്, നാഗർകോവിൽ – കോയമ്പത്തൂർ എക്‌സ് പ്രസ്, തിരുനെൽവേലി – തിരുച്ചെന്തൂർ പാസഞ്ചർ, നിസാമുദ്ദീൻ – കന്യാകുമാരി എക്‌സ് പ്രസ്, പേൾ സിറ്റി എക്‌സ് പ്രസ്, ചെന്നൈ എഗ്മോർ എന്നിവ മഴയെ തുടർന്ന് റദ്ദാക്കിയതായി വകുപ്പ് അറിയിച്ചു.
തൂത്തുക്കുടി, കന്യാകുമാരി, തിരുനെൽവേലി, തെങ്കാശി ജില്ലകളിലേക്കുള്ള ബസ് സർവീസുകൾ നിർത്തിവെച്ചതായി ഗതാഗത വകുപ്പ് വൃത്തങ്ങൾ അറിയിച്ചു. കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് റീജണൽ ട്രാൻസ്‌പോർട്ട് കോർപ്പറേഷനുകൾ നടത്തുന്ന ജില്ലയ്ക്കുള്ളിലെ ലോക്കൽ ബസ് സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. പാളയങ്കോട്ടയിൽ 26 സെന്റിമീറ്ററും കന്യാകുമാരിയിൽ 17 സെന്റിമീറ്ററും മഴയാണ് ലഭിച്ചത്. പ്രളയബാധിതർ തിരുനെൽവേലി ജില്ലയിലെ ദുരിതാശ്വാസ കേന്ദ്രത്തിൽ അഭയം പ്രാപിച്ചു.