ഇസ്‍ലാമബാദ് : പാകിസ്താന്‍റെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്താനില്‍ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ ആറ് സൈനികോദ്യോഗസ്ഥര്‍ മരിച്ചു. മേജര്‍ ഖുറം ഷഹ്സാദ് (39), മേജര്‍ മുഹമ്മദ് മുനീബ് അഫ്സല്‍ (30) എന്നിവരാണ് കൊല്ലപ്പെട്ട പൈലറ്റുമാര്‍. ഈ മേഖലയില്‍ രണ്ടു മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ ഹെലികോപ്റ്റര്‍ അപകടമാണിത്.
ഹര്‍ണായി ജില്ലയിലെ ഖോസ്തില്‍ ഞായറാഴ്ച രാത്രിയാണ് അപകടം നടന്നത്. രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ ആറുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. അപകട കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ആഗസ്റ്റ് 1ന് സമാനമായ രീതിയില്‍ ഹെലികോപ്റ്റര്‍ അപകടം നടന്നിരുന്നു. ആ അപകടത്തിലും ആറു സൈനികര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി.