തിരുവനന്തപുരം : അമിത വാടക നല്‍കി ഹെലികോപ്ടറെടുത്ത നടപടി പോലീസ് പുനപരിശോധിക്കുന്നു. ഒരു വര്‍ഷത്തെ വാടക കരാര്‍ മാര്‍ച്ചില്‍ തീരുന്നതോടെ ഹെലികോപ്ടര്‍ ഒഴിവാക്കാനോ അല്ലങ്കില്‍ വാടക കുറഞ്ഞ മറ്റ് കമ്പിനികളില്‍ നിന്ന് എടുക്കാനോ ആണ് ആലോചന. അതേസമയം മുഖ്യമന്ത്രിയുടെ യാത്രക്കായി ഹെലികോപ്ടര്‍ ഉപയോഗിച്ചെന്ന ആരോപണം തെറ്റാണെന്നും രണ്ട് തവണ മാത്രമാണ് ഉപയോഗിച്ചതെന്നുമാണ് പോലീസിന്റെ വിശദീകരണം.
കെ.സുധാകരന്റെ ചെത്തുതൊഴിലാളി പ്രയോഗവും മുഖ്യമന്ത്രിയുടെ ധൂര്‍ത്തെന്ന ആരോപണവുമെല്ലാം ചേര്‍ന്ന് ഹെലികോപ്ടര്‍ വീണ്ടും രാഷ്ട്രീയ വിവാദമായി നില്‍ക്കുമ്പോഴാണ് പോലീസിന്റെ പുനരാലോചന. പൊതുമേഖലാ സ്ഥാപനമായ പവന്‍ ഹന്‍സില്‍ നിന്നാണ് ഹെലികോപ്ടര്‍ വാടകയ്ക്കെടുത്തത്.
11 സീറ്റുള്ള ഇരട്ട എഞ്ചിന്‍ ഹെലികോപ്ടറിന് ഒരു മാസം 20 മണിക്കൂര്‍ പറക്കാന്‍ 1.44 കോടിയാണ് വാടക. ജി.എസ്.ടി കൂടി ചേരുമ്പോള്‍ ഒന്നരക്കോടിയിലധികമാവും. ഇരുപത് മണിക്കൂറിലധികം പറന്നാല്‍ ഓരോ മണിക്കൂറിനും 67000 രൂപ വീതം അധികം നല്‍കണം. കഴിഞ്ഞ ഏപ്രില്‍ 16ന് തുടങ്ങിയ കരാറനുസരിച്ച് ഇതിനകം 18 കോടിയോളം രൂപ ചെലവായി. വളരെ വൈകിയെങ്കിലും ഇത് അമിത വാടകയാണെന്ന വിമര്‍ശനം അംഗീകരിച്ചുകൊണ്ട് തന്നെയാണ് ഇതു തുടരണോയെന്ന് ആലോചിക്കുന്നത്.