കണ്ണൂർ : തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ ബിജെപി നേതൃത്വത്തെ രൂക്ഷമായി വിമർശിച്ച് ദേശീയ സമിതി അംഗം സി.കെ. പത്മനാഭൻ. സംഘടനാ സംവിധാനത്തിൽ അടിസ്ഥാനപരമായ മാറ്റം വേണം. സംസ്ഥാന രാഷ്ട്രീയത്തിന്റെ മർമ്മം മനസിലാക്കുന്നതിൽ നേതൃത്വം പരാജയപ്പെട്ടു. എൽഡിഎഫ് വിജയത്തിൽ പിണറായി വിജയന്റെ വ്യക്തിപ്രഭാവത്തിനു വലിയ പങ്കുണ്ടെന്നും പത്മനാഭൻ പറഞ്ഞു.
കെ.സുരേന്ദ്രൻ രണ്ടിടത്ത് മത്സരിച്ചതിനെയും സി.കെ. പത്മനാഭന്‍ വിമർശിച്ചു. വടക്കേന്ത്യയിലെ ജനങ്ങൾക്ക് ഇടയിൽ ചെലവാകുന്ന തന്ത്രങ്ങൾ ഇവിടെ ചെലവാകില്ല. ഹെലികോപ്റ്റർ രാഷ്ട്രീയം കേരളത്തിൽ ചെലവാകില്ല. സംസ്ഥാന അധ്യക്ഷൻ രണ്ടു മണ്ഡലത്തില്‍ മൽസരിച്ച ചരിത്രം ഉണ്ടായിട്ടില്ല. ഒരു പരീക്ഷണം നടത്തിയതാണ്. പക്ഷേ പരാജയപ്പെട്ടു. കെ.സുരേന്ദ്രൻ രണ്ടു മണ്ഡലങ്ങളിൽ മൽസരിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും സി.കെ. പത്മനാഭൻ പറഞ്ഞു.