ആലപ്പുഴ : ആലപ്പുഴയിൽ കൊല്ലപ്പെട്ട ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസന്റെ കൊലപാതകം ആസൂത്രിതമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. സംഭവത്തെ ശക്തമായി അപലപിക്കുന്നു. കൊലപാതകത്തിന് പിന്നിൽ ഉന്നതതല ഗൂഡാലോചനയുണ്ട്. പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് വർഗീയ കലാപത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എസ്ഡിപിഐ നേതാവ് ഷാനിന്റെ കൊലപാതകത്തിൽ ആർഎസ്എസ്സിനോ ബിജെപിക്കോ പങ്കില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ആലപ്പുഴയിൽ എസ്ഡിപിഐ – സിപിഎം സംഘർഷമാണ് നിലനിന്നിരുന്നത്. സംയമനം പാലിച്ചാണ് ബിജെപി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആഭ്യന്തര വകുപ്പിന്റെ പൂർണപരാജയമാണ് ആലപ്പുഴയിൽ മാസങ്ങളായി നടന്നുവരുന്ന അക്രമസംഭവങ്ങൾ വ്യക്തമാക്കുന്നത്. ഭീകരപ്രവർത്തകർക്കൊപ്പമാണ് സർക്കാർ. സിപിഎമ്മിന്റെയും പോലീസിന്റെയും സഹായം ലഭിക്കുന്നതുകൊണ്ടാണ് ഇവർക്ക് ഇത്തരം അക്രമസംഭവങ്ങൾ നടത്താൻ ധൈര്യം ലഭിക്കുന്നത്. അക്രമത്തിനെതിരെ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളും പ്രചാരണങ്ങളുമായി മുന്നോട്ടുപോകുമെന്നും കെ.സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.