കോട്ടയം : കാഞ്ഞിരപ്പള്ളിയിലെ വ്യക്തി ബന്ധങ്ങള്‍ വിജയത്തിന് സഹായമാകുമെന്ന് ബിജെപി സ്ഥാനാര്‍ഥിയും രാജ്യസഭാംഗവുമായ അല്‍ഫോണ്‍സ് കണ്ണന്താനം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രചാരണത്തില്‍ നേരിട്ട പ്രതിസന്ധികള്‍ ഇത്തവണയുണ്ടാകില്ലെന്ന് ബിജെപി നേതൃത്വം ഉറപ്പു നല്‍കിയിട്ടുണ്ട്. പിണറായി വിജയനുമായുള്ള സൗഹൃദം നിലനിര്‍ത്തിക്കൊണ്ടുതന്നെ രാഷ്ട്രീയമായ ആരോപണങ്ങള്‍ ശക്തമായി ഉന്നയിക്കുമെന്നും അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു.
ഇടത് സ്വതന്ത്രനായി ജയിച്ചുകയറിയ കാഞ്ഞിരപ്പള്ളി മണ്ഡലത്തിന്റെ ഭൂമിശാസ്ത്രം മാറി. വീണ്ടും മല്‍സരത്തിനിറങ്ങുമ്പോള്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് പക്ഷെ പ്രതീക്ഷയേറെയാണ്. നേരത്തെ പരാജയപ്പെടുത്തിയ ജോസഫ് വാഴയ്ക്കനാണ് യുഡിഎഫ് സ്ഥാനാര്‍ഥി. സുഹൃത്തായ പിണറായി വിജയനെതിരെയാണ് രാഷ്ട്രീയ ആരോപണങ്ങള്‍ ഉന്നയിക്കേണ്ടത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടായിരുന്നപ്പോള്‍ സംഘടനാതലത്തില്‍ ഉള്‍പ്പെടെ നേരിട്ട പ്രതിസന്ധി ഇത്തവണയുണ്ടാകില്ലെന്ന് നേതൃത്വം ഉറപ്പുനല്‍കിയിട്ടുണ്ടെന്ന് കണ്ണന്താനം പറയുന്നു.