കൊല്‍ക്കത്ത: പ്രധാനമന്ത്രിയുടെ രാഷ്ട്രീയസന്ദര്‍ശനത്തില്‍ അതൃപ്തിയുമായി രാമകൃഷ്ണാ മിഷനിലെ സന്യാസിമാര്‍. പൗരത്വ നിയമഭേദഗതിയെക്കുറിച്ച് നരേന്ദ്രമോദി നടത്തിയ രാഷ്ട്രീയ പ്രസ്താവനകളുടെ പശ്ചാത്തലത്തില്‍ രാമകൃഷ്ണാ മിഷന്റെ ആസ്ഥാനമായ ബേലൂര്‍ മഠത്തില്‍ മോദി സന്ദര്‍ശനം നടത്തിയതാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമായത്. ബേലൂര്‍ മഠത്തിന്റെ വേദിയെ രാഷ്ട്രീയമായി ഉപയോഗിക്കരുതായിരുന്നു എന്ന് കാട്ടി രാമകൃഷ്ണാ മിഷനിലെ ഒരു വിഭാഗം സന്യാസിമാര്‍ മഠത്തിന്റെ മേധാവിമാര്‍ക്ക് കത്ത് നല്‍കി. എന്തിനാണ് ഒരു രാഷ്ട്രീയസന്ദര്‍ശനത്തിന് എത്തിയ മോദിക്ക് മഠം സന്ദര്‍ശിച്ച് തെറ്റായ രാഷ്ട്രീയസന്ദേശം നല്‍കാന്‍ വേദി നല്‍കിയതെന്നും കത്തില്‍ ചോദിക്കുന്നു.
പശ്ചിമബംഗാള്‍ സന്ദര്‍ശനത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശനിയാഴ്ചയാണ് ബേലൂര്‍ മഠത്തിലെത്തിയത്. ശ്രീരാമകൃഷ്ണ പരമഹംസര്‍ക്ക് ആദരമര്‍പ്പിച്ച ശേഷം വിവേകാനന്ദസ്വാമി ഉപയോഗിച്ചിരുന്ന മുറിയിലും മോദി സന്ദര്‍ശനം നടത്തി. ഞായറാഴ്ച ഈ ചിത്രങ്ങള്‍ മോദിയുടെ ഔദ്യോഗിക ഹാന്‍ഡിലില്‍ നിന്ന് ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.19-ാം നൂറ്റാണ്ടില്‍ സ്വാമി വിവേകാനന്ദന്‍ സ്ഥാപിച്ച മഠത്തിന് രാഷ്ട്രീയമില്ലെന്നും രാഷ്ട്രീയവിവാദം കത്തി നില്‍ക്കുമ്പോള്‍ ഇങ്ങനെയൊരു സന്ദര്‍ശനത്തിലൂടെ മഠത്തെ രാഷ്ട്രീയമായി ഉപയോഗിക്കപ്പെടുകയാണ് എങ്കില്‍ അത് അനുവദിക്കരുതെന്നും രാഷ്ട്രീയമില്ലാത്ത ആദ്ധ്യാത്മികവേദിയായി രാമകൃഷ്ണാമിഷന്‍ നിലനില്‍ക്കണമെന്നും കത്തില്‍ സന്യാസിമാര്‍ ആവശ്യപ്പെടുന്നു.