കാസര്‍ഗോഡ്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുളിയാര്‍ ഗ്രാമ പഞ്ചായത്തില്‍ പ്രമേയം അവതരിപ്പിക്കാന്‍ ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് നോട്ടീസ് നല്‍കി. അംഗം ശോഭാ പയോലം പ്രമേയത്തെ പിന്തുണച്ചു. പഞ്ചായത്ത് മുസ്ലിം ലീഗിന്റെയും പാര്‍ലമെന്ററി ബോര്‍ഡിന്റെയും അനുമതിയോടെയാണ് നോട്ടീസ് നല്‍കിയത്.
നിയമം പൂര്‍ണമായും പിന്‍വലിക്കണമെന്നും പൗരത്വ രജിസ്‌ടേഷന്‍ നടപ്പിലാക്കാനുള്ള കേന്ദ്ര ഭരണകൂടത്തിന്റെ ആലോചന ഉപേക്ഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആശങ്ക അകറ്റണമെന്നും ഭരണഘടനയിലെ മൗലിക അവകാശത്തില്‍പ്പെട്ട ആര്‍ട്ടിക്കിള്‍ 14 പ്രകാരം എല്ലാവര്‍ക്കും ഉറപ്പ് നല്‍കുന്ന നിയമത്തിന് മുമ്പിലുള്ള സമത്വവും നിയമസംരക്ഷണവും പ്രസ്തുത പൗരത്വ ഭേദഗതി നിയമം പൂര്‍ണമായും ലംഘിക്കുന്നതായി ബോധ്യപ്പെടുകയാണ്. ഭേദഗതി നിയമത്തില്‍ ആറ് മതവിഭാഗങ്ങളുടെ പേര് പരാമര്‍ശിച്ചപ്പോള്‍ മുസ്ലീം വിഭാഗത്തെ മാത്രം ഒഴിവാക്കിയതിലൂടെ സമത്വത്തെയാണ് നിരാകരിച്ചതെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.