തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന ഹൈബി ഈഡന്‍ എംപിയുടെ ആവശ്യത്തെ പരിഹസിച്ച് മുന്‍ മന്ത്രി എം.എം മണി. സ്വയബോധമുള്ളവര്‍ പറയുന്ന കാര്യമല്ല ഹൈബിയുടെ ആവശ്യം. ഇത് പറഞ്ഞയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണമെന്നും എം.എം മണി ആവശ്യപ്പെട്ടു. അതേസമയം, സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റാനുള്ള ഹൈബിയുടെ സ്വകാര്യ ബില്ലിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
സംസ്ഥാന തലസ്ഥാനം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റണമെന്ന് പറയുന്നയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കണം. ജനങ്ങളെ തമ്മിലടിപ്പിച്ച് ഇല്ലാത്ത പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നു. സെക്രട്ടേറിയറ്റ് മുതല്‍ സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ കെട്ടിടങ്ങളും തിരുവനന്തപുരത്താണ്. ചുരുക്കത്തില്‍ സ്വയബോധമുള്ളവര്‍ പറയുന്നതല്ല ഹൈബിയുടെ ആവശ്യമെന്നും എം.എം മണി പരിഹസിച്ചു. ഹൈബിയുടെ സ്വകാര്യ ബില്ലിനെതിരെ കോണ്‍ഗ്രസിലും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. ഹൈബി ഈഡന്റെ നിലപാട് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വിമര്‍ശിച്ചു.