പാമ്പാക്കുട: അരീക്കല്‍ വെള്ളച്ചാട്ടത്തിനു സമീപം സ്ത്രീകള്‍ക്കു വസ്ത്രം മാറുന്നതിനു നിര്‍മ്മിച്ച മുറിയില്‍ ക്യാമറ വെച്ചു ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. മലപ്പുറം സ്വദേശിയാണു പിടിയിലായെന്നാണു വിവരം. ഇന്നലെ വെള്ളച്ചാട്ടം ആസ്വദിക്കാനെത്തിയ മൂവാറ്റുപുഴ സ്വദേശികളുടെ പരാതിയിലാണു നടപടി.
വെള്ളച്ചാട്ടത്തിന്റെ താഴെ വസ്ത്രം മാറുന്നതിനായി നിര്‍മ്മിച്ച കോട്ടേജിന്റെ പരിസരത്തു ചെറുപ്പക്കാരന്‍ ചുറ്റിത്തിരിയുന്നത് ഇവരുടെ ശ്രദ്ധയില്‍ പെട്ടു. ഇയാള്‍ വീണ്ടും ഉള്ളിലേക്കു കയറുന്നതും തിരിച്ചിറങ്ങുന്നതും ശ്രദ്ധിച്ചതോടെ ഇവര്‍ മുറിയില്‍ കയറി നടത്തിയ പരിശോധനയില്‍ ഭിത്തിയില്‍ ചാരി വെച്ചിരുന്ന ചൂലിനിടയില്‍ ക്യാമറ കണ്ടെത്തുകയായിരുന്നു.
പോലീസില്‍ വിവരമറിയിച്ചതോടെ ഇയാള്‍ അപ്രത്യക്ഷനായി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണു മലപ്പുറം സ്വദേശിയെ വൈകീട്ടു കസ്റ്റഡിയില്‍ എടുത്തത്. പാമ്പാക്കുടയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനാണ്. സംഭവത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നു പരിശോധിക്കുന്നതായി പോലീസ് പറഞ്ഞു.