കൊച്ചി : മദ്യ വില്‍പനശാലകളുടെ സമീപത്തുകൂടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്ന് ഹൈക്കോടതി. വില്‍പന ശാലകളിലെ തിരക്ക് സമീപത്തു താമസിക്കുന്നവര്‍ക്ക് ഭീതി ഉണ്ടാക്കുന്നുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടു.
തൃശൂര്‍ കുറുപ്പം റോഡിലെ മദ്യവില്‍പ്പനശാലക്ക് മുന്നിലെ തിരക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന കച്ചവടക്കാരുടെ കേസിലെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് ജസ്റ്റിസ് ദേവന്‍ രാചന്ദ്രന്റെ പരാമര്‍ശം. വില്‍പന ശാലകള്‍ തുറക്കുമ്പോള്‍ കുറേകൂടി മെച്ചപ്പെട്ട രീതിയില്‍ വേണമെന്നും കോടതി നിര്‍ദേശിച്ചു. വില്‍പന ശാലകളിലെ തിരക്ക് കുറയ്ക്കാന്‍ പ്രവര്‍ത്തന സമയം കൂട്ടിയതായി സര്‍ക്കാര്‍ അറിയിച്ചു.
രാവിലെ 9 മണിക്ക് ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 96 ബവ്‌കോ ഷോപ്പുകള്‍ക്ക് മതിയായ സൗകര്യം ഇല്ലെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ഇത്രയും കാലം സൗകര്യം ഇല്ലാതെയാണോ പ്രവര്‍ത്തിച്ചതെന്നും മറ്റു ഷോപ്പുകളുടെ സ്ഥിതി എന്താണെന്നും കോടതി ആരാഞ്ഞു. സ്വീകരിച്ച തുടര്‍നടപടികള്‍ അടുത്ത മാസം 11 ന് സര്‍ക്കാര്‍ അറിയിക്കണം.