ഇടുക്കി: അക്രമകാരിയായ അരിക്കൊമ്പൻ ആനയെ പിടികൂടുന്നതിനുള്ള ഹൈക്കോടതി തീരുമാനം ഇന്ന്. മിഷൻ അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹർജി ഉച്ചക്ക് 1.45-ന് ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് പരിഗണിക്കുക. അരിക്കൊമ്പനെ പിടികൂടേണ്ടതിന്റെ ആവശ്യകതയും മിഷനുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകളുമാണ് കോടതി വിലയിരുത്തുന്നത്.മൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസിനൊപ്പം തിരുവനന്തപുരത്തെ മൃഗസംരക്ഷണ സംഘടന നൽകിയ ഹർജിയും കോടതി ഇന്ന് പരിഗണിക്കും. ഹൈക്കോടതിയിൽ നിന്നും അനുകൂല വിധി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
വിധി അനുകൂലമല്ലെങ്കിൽ പ്രതിഷേധ സമരങ്ങളിലേക്ക് കടക്കാനാണ് പ്രദേശവാസികളുടെ തീരുമാനം.നിലവിൽ ദൗത്യമേഖലയായ സിമന്റ് പാലത്തിന് സമീപത്താണ് അരിക്കൊമ്പനുള്ളത്. വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന മോക്ഡ്രിൽ ഒഴിവാക്കിയിരുന്നു. ആനയുടെ നിരീക്ഷണത്തിനായി വാച്ചർമാരുടെ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വയനാട്ടിൽ നിന്നെത്തിയ ആർആർടി സംഘവും ഡോ. അരുൺ സഖറിയയും ചിന്നക്കനാലിൽ തുടരുകയാണ്. കോടതി വിധി അനുകൂലമാണെങ്കിൽ അരിക്കൊമ്പനെ നാളെത്തന്നെ പിടികൂടും.