അഹമ്മദാബാദ്: 2002-ലെ ബിൽക്കീസ് ബാനു കൂട്ടബലാത്സംഗ-കൂട്ടക്കൊലക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന പ്രതികളിൽ ഒരാളായ രാധേശ്യാം ഷായ്ക്ക് ഗുജറാത്ത് ഹൈക്കോടതി ഒരാഴ്ചത്തെ പരോൾ അനുവദിച്ചു. കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് സഞ്ജീവ് ജെ. താക്കറുടെ ബെഞ്ച് ഏഴ് ദിവസത്തെ പരോൾ ഉത്തരവിട്ടത്. ഹർജിയിലെ വാദങ്ങളും ജയിൽ അധികൃതരുടെ റിപ്പോർട്ടും പരിശോധിച്ച ശേഷമാണ് ഇളവ് നൽകാൻ തീരുമാനിച്ചതെന്ന് കോടതി പറഞ്ഞു. ഹർജിക്കാരന്റെ അപേക്ഷയിലെ കാരണങ്ങളും ജയിൽ രേഖകളും പരിശോധിച്ചാണ് അനുകൂലമായ വിവേചനാധികാരം പ്രയോഗിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. കർശന വ്യവസ്ഥകളോടെയാണ് രാധേശ്യാം ഷായ്ക്ക് പരോൾ നൽകിയിരിക്കുന്നത്. 10,000 രൂപയുടെ വ്യക്തിഗത ബോണ്ട് ഹാജരാക്കണം. ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന തീയതി മുതൽ ഏഴ് ദിവസത്തേക്കാണ് പരോൾ അനുവദിച്ചിട്ടുള്ളത്. ഈ കാലാവധി പൂർത്തിയാകുന്ന മുറയ്ക്ക് ഉടൻ തന്നെ ജയിൽ അധികൃതർക്ക് മുന്നിൽ കീഴടങ്ങണം.
കൂടാതെ പുറത്തിറങ്ങിയ ശേഷമുള്ള മൂന്നാമത്തെയും അഞ്ചാമത്തെയും ദിവസങ്ങളിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കുടുംബത്തിന്റെ സാമ്പത്തിക ഞെരുക്കവും ധനസമാഹരണത്തിനുള്ള ആവശ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് രാധേശ്യാം ഷാ പരോൾ തേടിയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കെ.ഡി പർമർ കോടതിയെ അറിയിച്ചു. 2025 ഡിസംബറിലാണ് ഇയാൾക്ക് അവസാനമായി പരോൾ ലഭിച്ചതെന്നും അഭിഭാഷകൻ വ്യക്തമാക്കി.































