കൊച്ചി: സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിക്കുന്നത് അമ്പരപ്പിക്കുന്നുവെന്ന് ഹൈക്കോടതി. അനധികൃത ബോര്‍ഡുകളും ഫ്‌ളക്‌സുകളും നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരാമര്‍ശം നടത്തിയത്. തിരുവനന്തപുരത്ത് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ കൂറ്റന്‍ ഫ്‌ളക്‌സും മുഖ്യമന്ത്രിയുടെ കട്ടൗട്ടും സ്ഥാപിച്ച വിഷയത്തിലായിരുന്നു കോടതിയുടെ പരാമര്‍ശം. ഇത്തരമൊരു ഉത്തരവ് ഉണ്ടെന്നറിഞ്ഞിട്ടും അനധികൃതമായി ഫ്‌ളക്‌സും ബോര്‍ഡും സ്ഥാപിക്കാന്‍ തുനിഞ്ഞു എന്ന് കോടതി ചൂണ്ടിക്കാട്ടി. അസോസിയേഷന്‍ പ്രസിഡന്റ് അഡീ. സെക്രട്ടറി പദവി വഹിക്കുന്നയാളാണ്. ഇത് അമ്പരപ്പിക്കുന്നു. ഇത്തരത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ സര്‍ക്കാര്‍ ഉത്തരവുകള്‍ ലംഘിച്ചാല്‍ അവിടെ അരാജകത്വമായിരിക്കും ഉണ്ടാവുക. അസോസിയേഷന്‍ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പൊലീസ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എന്തു നടപടി സ്വീകരിച്ചുവെന്ന് അറിയിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അനധികൃത ബോര്‍ഡുകളും ഫ്‌ളക്‌സുകളും നീക്കം ചെയ്യാനുള്ള കോടതിയുടെ അന്ത്യശാസനത്തിനു പിന്നാലെ കുന്നംകുളം നഗരസഭ സെക്രട്ടറി ഇതു നടപ്പാക്കാന്‍ ശ്രമിച്ചിരുന്നു. ഇതിനെതിരെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ രംഗത്തുവന്നു. പിന്നാലെ സര്‍വകക്ഷി യോഗം വിളിച്ചു തുടര്‍ നടപടികള്‍ പിന്നീട് തീരുമാനിക്കാമെന്ന് വ്യക്തമാക്കി ബോര്‍ഡുകള്‍ മാറ്റുന്നത് ഒരു ദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ നല്‍കിയ കത്താണ് ചെയര്‍പേഴ്‌സന് കുരുക്കായത്. കോടതി ഉത്തരവ് നടപ്പാക്കുന്നത് മാറ്റിവയ്ക്കാന്‍ കത്തു നല്‍കിയ നഗരസഭാധ്യക്ഷയുടെ നടപടി കോടതിയലക്ഷ്യമാണെന്ന് കാട്ടി ഹൈക്കോടതിയില്‍ ഹര്‍ജിയെത്തി. ഇതാണ് ഇന്ന് പരിഗണിച്ചത്. എന്നാല്‍ കോടതിയില്‍ നല്‍കിയ വിശദീകരണത്തില്‍ താന്‍ ഇത്തരമൊരു ഉത്തരവുള്ളതായി അറിഞ്ഞിരുന്നില്ല എന്ന് അധ്യക്ഷ പറഞ്ഞിട്ടുള്ളതും ഇന്ന് കോടതി ചോദ്യം ചെയ്തു.