കൊല്ലം: പുറ്റിങ്ങൽ ക്ഷേത്ര വെടിക്കെട്ട് ദുരന്തക്കേസ് വിചാരണയ്‌ക്ക് ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയിലെ വിചാരണ നടപടികളാണ് തടഞ്ഞത്. പബ്ലിക് പ്രൊസിക്യൂട്ടറെ മാറ്റിയത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നടപടി. തീരുമാനത്തിന്റെ ഫയല്‍ ഹാജരാക്കാനും മറുപടി നല്‍കാനും സര്‍ക്കാര്‍ സാവകാശം തേടിയിട്ടുണ്ട്. ഹർജിയില്‍ സര്‍ക്കാര്‍ ഒരാഴ്ചയ്ക്കകം മറുപടി നല്‍കണം. കാരണമില്ലാതെയാണ് പ്രൊസിക്യൂട്ടറെ മാറ്റിയത് എന്നാണ് ഹർജിയിലെ ആക്ഷേപം.
2016 ഏപ്രിൽ 10 നാണ് രാജ്യത്തെ നടുക്കിയ പുറ്റിങ്ങൽ വെടിക്കെട്ട് ദുരന്തമുണ്ടായത്. കൊല്ലം പരവൂർ പുറ്റിങ്ങൽ ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവത്തിന് സമാപനം കുറിച്ച് നടന്ന വെടിക്കെട്ടിനിടെ ഉണ്ടായ സ്ഫോടനത്തിൽ 112 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 656 പേർക്ക് പരിക്കേറ്റു. അതിൽ അഞ്ഞൂറോളം പേരുടെ പരിക്ക് ഗുരുതരമായിരുന്നു. ദുരന്തത്തിൽ 358 വീടുകൾക്ക് നാശനഷ്ടമുണ്ടായി. റവന്യൂ അധികൃതർ കണക്കാക്കിയിട്ടുള്ള നഷ്ടം 2.58 കോടി രൂപയാണ്. ദുരന്തം നടന്ന് 10 വർഷം കഴിയുമ്പോഴും സ്ഫോടനത്തിന്റെ യഥാർഥ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.































