ന്യൂഡൽഹി : സംസ്ഥാനം നേരിടുന്ന വർധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീർഘകാല ഊർജസുരക്ഷ ഉറപ്പാക്കുന്നതിനുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എൻടിപിസിയുമായി നടത്തിയ ഉന്നതതല ചർച്ചയിൽ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ന്യൂഡൽഹിയിൽ നടന്ന ചർച്ചയിൽ പുനരുപയോഗ ഊർജ സംഭരണം, അധിക വൈദ്യുതി ലഭ്യത, സാങ്കേതിക സഹകരണം എന്നിവയുൾപ്പെടെയുള്ള സുപ്രധാന മേഖലകളിൽ സമഗ്രമായ ധാരണയിലെത്തി.
ഊർജ സംഭരണ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി കായംകുളത്ത് 2000 മെഗാവാട്ട് ശേഷിയുള്ള കൂറ്റൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം സ്ഥാപിക്കാൻ തീരുമാനമായി. കെഎസ്ഇബി, എൻടിപിസി, എൻടിപിസി ഗ്രീൻ എനർജി ലിമിറ്റഡ് എന്നിവർ സംയുക്തമായാണ് ഈ ബൃഹദ് പദ്ധതി യാഥാർഥ്യമാക്കുന്നത്. ഇതിനായുള്ള ധാരണാപത്രം ഉടൻ ഒപ്പുവെക്കും. ഇതിനുപുറമെ, പോത്തൻകോട്, ശ്രീകണ്ഠപുരം എന്നിവിടങ്ങളിൽ 80 മെഗാവാട്ട് വീതം ശേഷിയുള്ള ‘ബെസ്’ പദ്ധതികൾ 2027 മാർച്ചോടെ കമ്മീഷൻ ചെയ്യാനും ധാരണയായിട്ടുണ്ട്.
സംസ്ഥാനത്തിന്‍റെ അടിയന്തര വൈദ്യുതി ലഭ്യത ഉറപ്പാക്കുന്നതിനായി മഹാരാഷ്ട്രയിലെ എൻടിപിസി സിന്നർ പദ്ധതിയിൽ നിന്ന് 300 മെഗാവാട്ട് വരെ വൈദ്യുതി ലഭ്യമാക്കും. യൂണിറ്റിന് 5.18 രൂപ നിരക്കിലാണ് ഈ വൈദ്യുതി കേരളത്തിന് കൈമാറുക. ഒപ്പം, കായംകുളത്ത് നിലവിലുള്ള 27 മെഗാവാട്ട് സോളാർ പദ്ധതിയുടെ തുടർനടപടികൾ വേഗത്തിലാക്കാനും പദ്ധതിക്കാവശ്യമായ പൂർണ സംസ്ഥാന സഹകരണം നൽകാനും യോഗത്തിൽ തീരുമാനമായി. കേരളത്തിന്‍റെ ദീർഘകാല ആവശ്യങ്ങൾ മുൻനിർത്തി സംസ്ഥാനത്തിനായി ഒരു സമർപ്പിത വൈദ്യുതി നിലയം സ്ഥാപിക്കണമെന്ന ആവശ്യവും എൻടിപിസിക്ക് മുന്നിൽ വെച്ചിട്ടുണ്ട്.





























