തിരുവനന്തപുരം : ഹയര്‍സെക്കണ്ടറി ഇംഗ്ലീഷ് അധ്യാപക റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ പ്രതിഷേധം ശക്തമാകുന്നു. റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്ക് ഉടന്‍ നിയമനം നല്‍കണമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം. ഒരു മാസത്തിലധികമായി സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം നടത്തുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഇന്ന് ശയനപ്രദക്ഷിണം നടത്തിയാണ് പ്രതിഷേധിച്ചത്.
1500ലധികം ഉദ്യോഗാര്‍ത്ഥികളാണ് ഹയര്‍സെക്കണ്ടറി ഇംഗ്ലീഷ് ജൂനിയര്‍ അധ്യാപകരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇതില്‍ പത്തുശതമാനം പേര്‍ക്ക് മാത്രമാണ് നിയമനം ലഭിച്ചത്. 32 ദിവസമായി സമരം നടത്തിയിട്ടും സര്‍ക്കാര്‍ അവഗണന തുടരുന്നതിനാലാണ് സമരം കടുപ്പിക്കുന്നതെന്ന് ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. നിയമനം പൂര്‍ത്തിയാക്കാന്‍ ഒന്‍പത് മാസം മാത്രമാണ് അവശേഷിക്കുന്നത്. തസ്തിക നിര്‍ണയം നടപ്പിലാക്കാന്‍ പോകുന്നതും ആശങ്ക സൃഷ്ടിക്കുകയാണ്. നിലവിലുള്ള ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതെ നിയമനം തടഞ്ഞ് തസ്തിക വെട്ടിച്ചുരുക്കുകയാണ് ചെയ്യുന്നത് എന്നും സമരക്കാര്‍ പ്രതികരിച്ചു.
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ കാറ്റഗറി 2017ലെ വിജ്ഞാപനം പ്രകാരം ഹയര്‍സെക്കണ്ടറി ഇംഗ്ലീഷ് തസ്തികയില്‍ 2019ല്‍ വന്ന റാങ്ക് ലിസ്റ്റില്‍ ആകെ 1491 പേരാണുള്ളത്. എന്നാല്‍ കാലാവധി തീരാന്‍ മാസങ്ങള്‍ മാത്രം ശേഷിക്കെ 109 നിയമനങ്ങള്‍ മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. ഉയര്‍ന്ന റാങ്ക് ലഭിച്ചിട്ടും നിയമനം ലഭിക്കാത്തവരില്‍ പലരും ഇനിയും പിഎസ് സി പരീക്ഷ എഴുതാന്‍ പ്രായപരിധി കഴിഞ്ഞവരാണ്.