ദില്ലി: തുടര്‍ച്ചയായി പെയ്യുന്ന മഴ മലയോര സംസ്ഥാനങ്ങളായ ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും കനത്ത നാശം വിതയ്ക്കുകയാണ്. ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും മഴക്കെടുതിയില്‍പ്പെട്ട് 54 പേര്‍ മരണപ്പെട്ടു. ഇരു സംസ്ഥാനങ്ങളിലും വിവിധയിടങ്ങളില്‍ മണ്ണിടിച്ചിലുണ്ടായി. പ്രധാന റോഡുകളും ഹൈവേകളും തടസപ്പെട്ടു. നദികള്‍ കവിഞ്ഞൊഴുകിയതിനാല്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. മരണപ്പെട്ട 54 പേരില്‍ 51 പേരും ഹിമാചല്‍ പ്രദേശില്‍ നിന്നുളളവരാണ്.
ഷിംലയില്‍ മണ്ണിടിച്ചിലുകളുണ്ടായ സ്ഥലങ്ങളില്‍ നിന്ന് 14 മൃതദേഹങ്ങള്‍ കണ്ടെടുത്തു. സമ്മര്‍ ഹില്‍ മേഖലയിലെ ശിവക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. മാണ്ഡി ജില്ലയില്‍ മഴക്കെടുതിയില്‍ 19 പേര്‍ മരിച്ചതായി ഡെപ്യൂട്ടി കമ്മീഷണര്‍ അരിന്ദം ചൗധരി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. സോളനില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. കനത്ത മഴ ഷിംലയില്‍ രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മരങ്ങള്‍ കടപുഴകി വീണ് വിവിധ മേഖലയില്‍ വൈദ്യുതി തടസം നേരിട്ടു. അതേസമയം, ദേശീയ ദുരന്ത നിവാരണ സേനയുടെ (എന്‍ഡിആര്‍എഫ്) സംഘങ്ങള്‍ മലയോര മേഖലയില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.