ന്യൂഡൽഹി : പൗരത്വ നിയമത്തിനെതിരെ ഷഹീൻബാഗിൽ നടക്കുന്ന സമരത്തെ ഒഴിപ്പിക്കാൻ ഹിന്ദു സേന ആഹ്വാനം ചെയ്ത പ്രതിഷേധ മാർച്ച് റദ്ദാക്കി. നിരോധനാജ്ഞ പ്രഖാപിച്ചതിനെ തുടർന്നാണ് പിന്മാറ്റം. സമരം സമാധാനപരമായി മുന്നോട്ട് പോകുകയാണെന്നും പിന്മാറില്ലെന്നും സമരക്കാർ അറിയിച്ചു.
ഷഹീൻബാഗിൽ പ്രതിഷേധ മാർച്ചുണ്ടാകാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിനെത്തുടർന്നാണ് ഷഹീൻബാഗ് അടക്കമുള്ള ഡൽഹി പ്രദേശങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രദേശത്ത് കനത്ത പോലീസ് കാവൽ ഏർപ്പെടുത്തി. ക്രമസമാധന പ്രശ്‌നങ്ങളില്ലാതിരിക്കാൻ പോലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ജോയിന്റ് കമ്മീഷണർ ഡി സി ശ്രീവാസ്തവ അറിയിച്ചു.
വടക്ക് കിഴക്കൻ ഡൽഹിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കലാപത്തിൽ നാൽപ്പതിലേറെ പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കലാപാനന്തരം ഡൽഹിയിലെ വടക്കു കിഴക്കൻ പ്രദേശങ്ങൾ സാധാരണനിലയിലേക്ക് മടങ്ങുകയാണ്.