തിരുവനന്തപുരം : കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു ചെറിയ കൈതോലപ്പായ ഇത്രയുമധികം കോളിളക്കം സൃഷ്‌ടിക്കുന്നത്. സര്‍ക്കാരിനെയും നേതൃനിരയിലുള്ള ഒരു പ്രമുഖ നേതാവിനെയും പ്രതിസ്ഥാനത്ത് നിര്‍ത്തിക്കൊണ്ടുള്ള ഈ വിവാദ വെളിപ്പെടുത്തല്‍ നടത്തിയത് പാര്‍ട്ടിയുടെ മുഖപത്രത്തിന്റെ പത്രാധിപസമിതി അംഗമായിരുന്നയാളാണ് എന്നതാണ് ആരെയും ഞെട്ടിക്കുന്നത്. ആരോപണങ്ങളെ പ്രതിരോധിക്കുവാന്‍ സര്‍ക്കാര്‍ വളരെയധികം പ്രയത്നിക്കുന്നുണ്ടെങ്കിലും ഒന്നും വിജയിക്കുന്നില്ല. കൈതോലപ്പായക്ക് പിന്നാലെ ഇതേ പത്രാധിപന്റെ തുടര്‍ന്നുള്ള ആരോപണങ്ങള്‍ ഇടതുപക്ഷ സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയാണ്.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ കൊലപ്പെടുത്താന്‍ വാടകക്കൊലയാളികളെ അയച്ചു എന്നതാണ് ശക്തിധരന്റെ ഏറ്റവും ഒടുവിലത്തെ വെളിപ്പെടുത്തല്‍. ‘കെ സുധാകരനെ എങ്ങനെ വകവരുത്തിയാലും അത് സ്വീകരിക്കുന്ന ഒരു കമ്മ്യൂണിസ്‌റ്റ് സമൂഹം കേരളത്തിലുണ്ട്. കൊല്ലപ്പെടേണ്ടവന്‍ തന്നെയാണ് അയാള്‍ എന്ന ചിന്ത കമ്മ്യുണിസ്റ്റുകാരുടെ ബോധതലത്തില്‍ സൃഷിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതാണ് അടിമസമൂഹത്തെ സൃഷ്‌ടിക്കുന്നതിന്റെ വിജയം. കേരള ചരിത്രത്തില്‍ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടത്തിയ പ്രതിയെയാണ് താന്‍ അപ്പോള്‍ പിന്തുണയ്ക്കുന്നതെന്ന യാഥാര്‍ഥ്യം എനിക്ക് സ്വയം വിമര്‍ശനപരമായി പരിശോധിച്ച് തീരുമാനം എടുക്കാന്‍ കഴിയുന്നില്ലായിരുന്നു. ഇപ്പോഴും ഒരു മഞ്ഞക്കണ്ണട എനിക്ക് ഉണ്ടെന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. അതാണ് കമ്മ്യുണിസ്റ്റ് പ്രചാരണ തന്ത്രത്തിന്റെ മാസ്മരിക സ്വാധീനമെന്നും’ ശക്തിധരന്‍ ഫെയ്സ് ബുക്കിലൂടെ റയുന്നു.
കൈതോലപ്പായ ആരോപണങ്ങളും കൈകഴുകലുമെല്ലാം ഒരു പരിധി വരെ ചെറുത്തുനില്‍ക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞെങ്കിലും സുധാകരനെതിരെയുള്ള ഗൂഢാലോചനകള്‍ കെട്ടിച്ചമച്ചത് എന്ന് തെളിയിക്കുവാന്‍ അല്‍പം പ്രയാസപ്പടേണ്ടതായി വരും. തെളിവുകള്‍ ഒന്നും പുറത്തുവിടാതെ മോന്‍സണ്‍ മാവുങ്കല്‍ കേസില്‍ കെ.സുധാകരനെ ഉള്‍പ്പെടുത്തിയതും ഒരു പൊതുപ്രവര്‍ത്തകന്‍ എന്ന പരിഗണനപോലും നല്‍കാതെ അറസ്‌റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കിയതും ശക്തിധരന്റെ ആരോപണങ്ങള്‍ ശരിയെന്നു തെളിയിക്കുന്നു. കെ സുധാകരനെ ഇടതുപക്ഷം വല്ലാതെ ഭയപ്പെടുന്നു എന്നുവേണം കരുതാന്‍. കെ സുധാകരന്‍ എന്ന വന്‍മരം വെട്ടിനീക്കാനുള്ള പദ്ധതികളുടെ ഭാഗമാണ് കോണ്‍ഗ്രസിനെതിരെയുള്ള വ്യാജ കേസുകളുടെ പ്രവാഹം. മാത്രമല്ല ശക്തിധരന്‍ പുറത്തുവിട്ടത് വ്യാജ വാര്‍ത്തയാണെന്ന് സമര്‍ദ്ധിക്കുന്ന ഇടതുപക്ഷം അത് രാഷ്ട്രീയമായി ചെറുക്കുന്നതിന് പകരം ഭീഷണിയുടെ ഒളിയമ്പുകളാണ് എയ്യുന്നത്.
ശക്തിധരന്റെ പൂര്‍വികരെ മുതല്‍ പേരക്കുട്ടിയെ വരെ ആക്ഷേപിക്കുന്ന തരത്തിലാണ് സൈബര്‍ സഖാക്കളുടെ മുറവിളികള്‍. മടിയില്‍ കനമില്ലാത്തവന്‍ എന്തിന് വാളെടുക്കണം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഇത് കേരളത്തിലെ ഹിറ്റ് ലര്‍ കാലഘട്ടമാണോ എന്ന് സംശയിക്കണം. മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങുവെച്ചതിന് പുറമെ ആവിഷ്‌കാര സ്വാതന്ത്രവും ചങ്ങലയാല്‍ താഴിടപ്പെടുന്നു. അതിന്റെ താക്കോല്‍ ഇന്ന് കേരളം ഭരിക്കുന്ന സര്‍ക്കാരിന്റെ പക്ഷത്താണ്. ജി ശക്തിധരന്‍ എന്ന ഉദാഹരണം മാത്രം മതിയാകും ഇതിന്. സത്യം വിളിച്ചോതുന്നവരെ വേരോടെ പിഴുതെറിയാന്‍ സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കാണ് വരും ദിവസങ്ങളില്‍ കേരളം സാക്ഷ്യം വഹിക്കുക. ടി പി ചന്ദ്രശേഖരന് വിധിയെഴുതിയ കൈകള്‍ ഇപ്പോഴും നമുക്ക് ചുറ്റുമുണ്ട്. തങ്ങള്‍ക്കെതിരെ ശബ്‌ദമുയര്‍ത്തുന്നവരെ വേരോടെ പിഴുതെറിയാനുള്ള നീക്കമാണ് അന്ത്യനാളില്‍ നടക്കുന്നത്.