ബെംഗളൂരു : ഇന്ത്യന്‍ ഹോക്കി ഫോര്‍വേഡ് മന്‍ദീപ് സിങ്ങിനും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ ഇന്ത്യന്‍ ഹോക്കി ടീമില്‍ ആറ് പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. നേരത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ മന്‍പ്രീത് സിംഗ്, സുരേന്ദര്‍ കുമാര്‍, ജസ്‌കരന്‍ സിങ്, വരുണ്‍ കുമാര്‍, കൃഷ്ണന്‍ ബഹദൂര്‍ പഥക് എന്നിവര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
ദേശീയ ക്യാമ്പിന് വേണ്ടി ബെംഗളൂരു സായി ക്യാമ്പില്‍ എത്തി കോവിഡ് പരിശോധന നടത്തിയപ്പോഴാണ് താരത്തിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് നേരത്തെ കോവിഡ് പോസറ്റീവ് ആയ താരങ്ങള്‍ക്കൊപ്പം താരത്തെ ചികിത്സിക്കുന്നുണ്ടെന്ന് സായി അധികാരികള്‍ വ്യക്തമാക്കി. ഓഗസ്റ്റ് 20ന് മുന്‍പ് ദേശീയ ക്യാമ്പ് തുടങ്ങുന്നതിന് മുന്നോടിയായാണ് താരങ്ങള്‍ക്ക് കോവിഡ് പരിശോധന നടത്തിയത്.