ശ്രീനഗര്‍: ജമ്മു കശ്മീരിൽ പടർന്നു പിടിക്കുന്ന അജ്ഞാതരോഗ വ്യാപനത്തെ തുടർന്ന് ആരോഗ്യപ്രവർത്തകരുടെ അവധി റദ്ദാക്കി(Holiday Cancelled). സംസ്ഥാനത്തെ രജൗരി ജില്ലയിലെ ബദാൽ ഗ്രാമത്തിലാണ് അജ്ഞാതരോഗം ബാധിച്ച് 17 പേര്‍ മരണ മടഞ്ഞത്. ഇതേ തുടർന്ന് ഡോക്ടര്‍മാരുടേയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും എല്ലാത്തരം അവധികളും റദ്ദാക്കി. രോഗത്തിനെതിരായ ജാഗ്രത പാലിക്കുന്നതിതിന്റെ ഭാഗമായി ശൈത്യകാല അവധിയും റദ്ദാക്കിയതായി പ്രിന്‍സിപ്പല്‍ ഡോ. അമര്‍ജീത് സിങ് ഭാട്ടിയ പറഞ്ഞു. രജൗരിയിലെ നഴ്സിങ് കോളേജ്, ജി.എം.സി. ആശുപത്രി എന്നിവിടങ്ങളിലായി അസുഖം ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയ 290 പേരെ മുന്‍കരുതലിന്റെ ഭാഗമായി ക്വാറന്റീനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.മരിച്ചവരുടെ അടുത്തബന്ധുക്കളായ നാലുപേർ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ കഴിയുന്നുണ്ട്. രോഗബാധിത പ്രദേശം ബുധനാഴ്ച കണ്‍ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല; പ്രദേശത്തെ ദുരൂഹമരണങ്ങള്‍ അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം 11 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് അജ്ഞാതരോഗം ബാധിച്ചുള്ള ആദ്യ മരണം 2024 ഡിസംബര്‍ 7 നാണ് റിപ്പോര്‍ട്ട് ചെയ്തത്. പനി, അമിതമായി വിയര്‍ക്കല്‍, ഛര്‍ദി, നിര്‍ജലീകരണം, ബോധക്ഷയം തുടങ്ങിയവയാണ് അജ്ഞാത രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങളോടെ മരണപ്പെട്ടവരുടെ സാമ്പിളുകൾ പൂനെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലും ചെന്നൈയിലെ എപിഡെമിയോളജി സെന്ററിലും പരിശോധനയ്ക്കയച്ചിരുന്നു. എന്നാൽ ഇവയിലൊന്നും മരണകാരണം കണ്ടെത്താനായിരുന്നില്ല.