പത്തനംതിട്ട : സാമൂഹ്യ പ്രവർത്തക ഡോ എം എസ് സുനിൽ ഭവന രഹിതർക്ക് പണിത് നൽകുന്ന 162 -മത്തെ സ്നേഹ ഭവനം മങ്കുഴി പാറക്കര ഐ. ആർ.ഡി.പി. കോളനി ശ്യം നിവാസിൽ ശരണ്യക്കും കുടുംബത്തിനും നൽകി. വീടിന്റെ താക്കോൽ ദാനവും ഉദ്ഘാടനവും വീടിന് സാമ്പത്തിക സഹായം നൽകിയ റിട്ട. എ. ഇ. ഒ. ബാബു നിർവഹിച്ചു. അദ്ദേഹത്തിന്റെ 84-ആം ജന്മ ദിനത്തിന്റെ ഭാഗമായിട്ടാണ് വീട് നിര്‍മ്മിച്ചു നൽകിയത്.
കഴിഞ്ഞ വർഷത്തെ കേരള യൂണിവേഴ്സിറ്റിയുടെ എം. എസ്. സി. കമ്പ്യൂട്ടർ സയൻസിൽ ഒന്നാം റാങ്ക് കരസ്തമാക്കിയ ശരണ്യയെ അനുമോദിക്കുവനായി എത്തിയ ജില്ലാ പഞ്ചായത്ത് മെമ്പർ എലിസബത്ത് അബുവിനോട് സുനിൽ ടീച്ചറിനെ കാണുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമാണെന്ന് ശരണ്യ അറിയിക്കുകയുണ്ടായി. വിവരമറിഞ്ഞ സുനില്‍ ടീച്ചർ ശരണ്യയെ കാണാന്‍ എത്തിയപ്പോഴാണ് ആ കുടുംബത്തിന്റെ ദയനീയ അവസ്ഥ കാണാനിടയായത്. അടച്ചുറപ്പില്ലാത്ത തകർന്നു വീഴാറായ കുടിലിൽ എല്ലാവരും ഉറങ്ങിയതിന് ശേഷം പാതിരാത്രിയിൽ ഉണർന്നു പഠിച്ചു റാങ്കുനേടിയ ശരണ്യക്ക് ഒരു നല്ല വീടൊരുക്കണം എന്ന് സുനില്‍ ടീച്ചര്‍ തീരുമാനിച്ചുറച്ചതിനു ശേഷമാണ് അവിടെനിന്നും യാത്രയായത്.
ടീച്ചറിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വായിച്ചറിഞ്ഞ ബാബുസാർ നൽകിയ മൂന്നര ലക്ഷം രൂപ ഉപയോഗിച്ച് 2 മുറികളും അടുക്കളയും ഹാളും ശുചിമുറിയും സിറ്റൗട്ടും അടങ്ങിയ വീട് നിർമിച്ചു നൽകുകയായിരുന്നു സുനില്‍ ടീച്ചര്‍. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ എലിസബത്ത് അബു, ബ്ലോക്ക് മെമ്പർ എൻ. വിലാസിനി, ബ്ലോക്ക് മെമ്പർ രഘു പെരുമ്പുളിക്കൽ, പിണറായി ഐ. എച്. ആർ. ഡി. പ്രിൻസിപ്പൽ ഡോ. സന്തോഷ് ബാബു, കെ. പി. ജയലാൽ, കെ. തങ്കപ്പൻ, ബോബൻ അലോഷിയസ്, ജോസഫ് കോര, മാത്തുക്കുട്ടി കോര എന്നിവർ സന്നിഹരായിരുന്നു.