ഇന്ത്യൻ വിപണിയാകെ പുതിയ കാറുകൾകൊണ്ട് നിറയുകയാണ്. പോയ വർഷത്തേക്കാൾ കൂടുതൽ മോഡലുകളാണ് ഇത്തവണ നിരത്തുകളിൽ നിറയുന്നത്. എല്ലാവർക്കും തങ്ങളുടെ കാർ എന്ന സ്വപ്‌നം സാക്ഷാത്ക്കരിക്കാൻ പറ്റിയ വർഷമാണിത്. അവനവന് വേണ്ട വിധത്തിലും തരത്തിലുമുള്ള വൈവിധ്യമാർന്ന കാറുകളാൽ സമൃദ്ധമാണ് നമ്മുടെ വിപണിയിന്ന്. അതിപ്പോ ബജറ്റ് സെഗ്മെന്റിൽ ആയാലും ലക്ഷ്വറി വിഭാഗത്തിൽ ആയാലും അങ്ങനെ തന്നെ. പോയ മാസങ്ങളിലേതു പോലെ തന്നെ സെപ്റ്റംബർ മാസത്തിലും നിരത്തുകൾ വാഴാനെത്തുന്നത് നിരവധി താരങ്ങളാണ്. വരാനിരിക്കുന്ന ഉത്സവ സീസണിന് തൊട്ടുമുമ്പ്, കളംപിടിക്കാൻ തീരുമാനിച്ചുറച്ച് ഹോണ്ടയും ബിഎംഡബ്ല്യുവും മെർസിഡീസും എല്ലാം റെഡിയാണ്. എന്നാൽ ആര് വാഴും ആര് വീഴും എന്നറിയാൻ കുറച്ച് ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും. അടുത്ത മാസം അതായത് 2023 സെപ്റ്റംബറിൽ ഇന്ത്യയിൽ അവതരിക്കാനിരിക്കുന്ന കിടിലൻ മോഡലുകൾ ഏതെല്ലാമെന്ന് നമുക്കൊന്നു പരിചയപ്പെടാം.
ഹോണ്ട എലിവേറ്റ്: ഇന്ത്യ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന മോഡലുകളിൽ ഒന്നാണ് ഈ ജാപ്പനീസ് മിഡ്-സൈസ് എസ്‌യുവി. അവതരണം നേരത്തെ നടന്നുവെങ്കിലും വില പ്രഖ്യാപനവും വാഹനത്തെ സംബന്ധിച്ച മറ്റ് വിവരങ്ങളും കമ്പനി സെപ്റ്റംബർ നാലിനായിരിക്കും പ്രഖ്യാപിക്കുക. ക്രെറ്റയുടെയും സെൽറ്റോസിന്റെയും എതിരാളിയായി വാഴാനെത്തുന്ന വണ്ടി 21,000 രൂപ മുടക്കി ഇപ്പോൾ പ്രീ-ബുക്ക് ചെയ്യാനാവും. അടുത്ത മാസം അവസാനം ഡെലിവറിയും ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ടാറ്റ നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ്: വിപണിക്ക് മാറ്റേകാൻ അടുത്തതായി എത്തുന്ന തട്ടുപൊളിപ്പൻ അതിഥിയാണ് ടാറ്റയുടെ പുതിയ നെക്സോൺ. നിലവിലെ മോഡലിൽ നിന്നും കാര്യമായ ഉടച്ചുവാർക്കലോടെയാണ് വാഹനത്തെ ഇത്തവണ ഒരുക്കുന്നത്. നെക്‌സോൺ ഫെയ്‌സ്‌ലിഫ്റ്റ് സെപ്റ്റംബർ പകുതിയോടെ അരങ്ങേറ്റം കുറിക്കും. നാല് മീറ്റർ താഴെയുള്ള എസ്‌യുവിക്ക് പുറത്തും അകത്തും ഫീച്ചർ ലിസ്റ്റിലും എല്ലാം സമഗ്രമായ അപ്‌ഡേറ്റ് ലഭിക്കും.
സിട്രൺ C3 എയർക്രോസ്: മാരുതി ഗ്രാൻഡ് വിറ്റാര, ടാറ്റ ഹാരിയർ, ഹ്യുണ്ടായി ക്രെറ്റ, കിയ സെൽറ്റോസ് എന്നിവയ്‌ക്കുള്ള സിട്രണിന്റെ ഉത്തരമായിരിക്കും C3 എയർക്രോസ്. ഈ മോഡലിനെ അടിസ്ഥാനമാക്കി ഫ്രഞ്ച് ബ്രാൻഡ് ഇതിനകം തന്നെ ഒരു ഇവിയിൽ പ്രവർത്തിക്കുന്നുമുണ്ട്. സെഗ്മെന്റിലെ എതിരാളികളിൽ നിന്നും വ്യത്യസ്‌തമായി ഇത് 7 സീറ്റർ ഓപ്ഷനിലും സ്വന്തമാക്കാനാവും. എളുപ്പത്തിൽ എടുത്തുമാറ്റാനാവുന്ന മൂന്നാംവരി സീറ്റുകൾ എസ്‌യുവിയുടെ ഹൈലൈറ്റാവും.
മെർസിഡീസ് ബെൻസ് EQE: ജർമൻ ബ്രാൻഡിന്റെ ഇന്ത്യയിലെ നാലാമത്തെ ഇലക്ട്രിക് വാഹനമായാണ് EQE എസ്‌യുവി അടുത്തമാസം കടന്നുവരിക. സെപ്റ്റംബർ 15-ന് ലോഞ്ച് നടക്കാനാരിക്കുന്ന ഇവി 350 4മാറ്റിക് വേരിയന്റിൽ ഓഫർ ചെയ്യാനാണ് സാധ്യത. 90.6kWh ബാറ്ററി പായ്ക്കുമായി ജോടിയാക്കിയ രണ്ട് ഇലക്ട്രിക് മോട്ടോറുകൾ ഇതിന് കരുത്തേകും. അനേകം ഫീച്ചറുകളാലും സമ്പന്നമായിരിക്കും ഈ ഇലക്ട്രിക് എസ്‌യുവി.
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെ: കമ്പനിയുടെ 2 സീരീസ് ഗ്രാൻ കൂപ്പെ ശ്രേണിയിൽ M പെർഫോമൻസ് എഡിഷൻ എന്ന പേരിൽ ഒരു പ്രത്യേക വേരിയന്റ് അവതരിപ്പിക്കും. പേര് സൂചിപ്പിക്കുന്നത് പോലെ ഗ്രിൽ, ഗിയർ ലിവർ, കൂടാതെ മറ്റ് ചില പാർട്‌സുകൾ എന്നിങ്ങനെയുള്ള വിഭാഗങ്ങളിൽ M പെർഫോമൻസ്-നിർദ്ദിഷ്ട ബിറ്റുകൾ വണ്ടിക്ക് ലഭിക്കും. ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ജോടിയാക്കിയ 2.0 ലിറ്റർ, ടർബോ-പെട്രോൾ എഞ്ചിനാണ് ഈ കാറിനും തുടിപ്പേകുന്നത്. വോൾവോ C40 റീചാർജ്: വോൾവോ ഈ വർഷം ജൂണിൽ C40 റീചാർജ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഇപ്പോൾ വൈദ്യുതീകരിച്ച കൂപ്പെ എസ്‌യുവി സെപ്റ്റംബർ നാലിന് ഔജദ്യോഗികമായി അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. XC40 റീചാർജിന് ശേഷമുള്ള ബ്രാൻഡിൽ നിന്നുള്ള രണ്ടാമത്തെ ഇവിയാണിത് എന്നതും പ്രത്യേകതയാണ്. സമ്പൂർണമായി ലോഡുചെയ്‌ത ഒരു വേരിയന്റിലാവും വാഹനം ലഭ്യമാവുക. 2023 C40 റീചാർജിന് 405 bhp പവറിൽ 600 Nm torque ഉത്പാദിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളുമായി ജോടിയാക്കിയ 78kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. ഇതിലൂടെ 150 കിലോവാട്ട് ഡിസി ചാർജർ വഴി 27 മിനിറ്റിനുള്ളിൽ 10 മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും. ഫുൾ ചാർജിൽ കൂപ്പെ എസ്‌യുവിക്ക് 530 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യാനുമാവും.