ന്യൂഡല്‍ഹി : കേന്ദ്ര മന്ത്രിസഭയില്‍ അഴിച്ചുപണിക്കു നീക്കം. ഇ.ശ്രീധരന്‍, രാജീവ് ശങ്കര്‍ എന്നിവരില്‍ ഒരാളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താനാണ് നീക്കം. ധനകാര്യം, റെയില്‍വേ, ആരോഗ്യം തുടങ്ങിയ വകുപ്പുകളില്‍ അഴിച്ചുപണി നടത്തുമെന്നാണ് സൂചന.
കേന്ദ്ര മന്ത്രി വി.മുരളീധരനെ വകുപ്പ് മാറ്റാനോ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്യാനോ ഉള്ള സാധ്യതയും സജീവ പരിഗണനയിലാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ്തന്നെ വി. മുരളീധരന് സ്ഥാനനഷ്ടം ഉണ്ടാകാമെന്ന വാര്‍ത്തകള്‍ ഡല്‍ഹിയില്‍ സജീവമായിരുന്നു. എന്നാല്‍ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മൂലം പുനഃസംഘടന നീട്ടി വെയ്ക്കുകയായിരുന്നു. ഇനിയെന്തായാലും അത് ഏറെ നീളാന്‍ സാധ്യതയില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
മുരളീധരന്റെ സ്ഥാനലബ്ദി കൊണ്ട് കേരളത്തില്‍ പാര്‍ട്ടിക്ക് ദോഷമല്ലാതെ ഗുണമൊന്നുമുണ്ടായിട്ടില്ല എന്നാണ് കേന്ദ്രനേതൃത്വം വിലയിരുത്തുന്നത്. കേരളത്തില്‍ അത്ഭുതങ്ങള്‍ കാട്ടാം എന്ന ഉറപ്പിലായിരുന്നു രണ്ടാം മോദി മന്ത്രിസഭയില്‍ മുരളീധരന് ഇടം ലഭിച്ചത്. അദ്ദേഹത്തിന്റെ വിശ്വസ്തനായ സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റാക്കാന്‍ ഡല്‍ഹിയില്‍ സ്വാധീനം ചെലുത്തിയതും മുരളീധരന്‍ തന്നെയായിരുന്നു. രാജഗോപാല്‍, കുമ്മനം, കൃഷ്ണദാസ് തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ഉണ്ടായിരുന്ന ശോഭാ സുരേന്ദ്രനെയും എംടി രമേശിനെയും വെട്ടിയാണ് സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റാകുന്നത്. എന്നാല്‍ സംസ്ഥാന കമ്മിറ്റിയും കൂടെയുണ്ടായിട്ടും നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുണ്ടായിരുന്ന സീറ്റും കൈവിട്ടുപോയത് മുരളീധരന് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. വോട്ടിങ് ശതമാനം നാല് ശതമാനം കുറഞ്ഞതും കേന്ദ്ര നേതൃത്വം ആശങ്കയോടെയാണ് വീക്ഷിക്കുന്നത്.
30 സീറ്റില്‍ ഉറപ്പായി ജയിക്കുമെന്ന റിപ്പോര്‍ട്ടായിരുന്നു സംസ്ഥാന കമ്മിറ്റി കേന്ദ്രനേതൃത്വത്തിന് നല്‍കിയിരുന്നത്. അത് മുഖവിലയ്‌ക്കെടുത്തിട്ടില്ലെങ്കിലും കടുത്ത മല്‍സരം നടന്ന നേമം, കഴക്കൂട്ടം, തൃശൂര്‍, പാലക്കാട്, മഞ്ചേശ്വരം അടക്കം പത്തിനടുത്ത് സീറ്റിലെങ്കിലും ജയിക്കുമെന്ന് കേന്ദ്രനേതൃത്വം കരുതിയിരുന്നു. എന്നാല്‍ ആകെ ഉണ്ടായിരുന്ന സീറ്റും കൈവിട്ട് പോയത് അവരെ ഞെട്ടിച്ചു. ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ മുരളീധരനെ വിളിച്ചുവരുത്തി പൊട്ടിത്തെറിച്ചായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോള്‍ തെരഞ്ഞെടുപ്പ് ഫണ്ട് പോലും ഗൗരവത്തോടെ കൈകാര്യം ചെയ്യാനറിയാത്തവരെന്ന ആക്ഷേപവും കേരളത്തിലെ സംസ്ഥാന നേതൃത്വത്തെപ്പറ്റിയുണ്ട്. മന്ത്രിയെന്ന നിലയിലെ മുരളീധരന്റെ പ്രവര്‍ത്തനത്തിലും കേന്ദ്രസര്‍ക്കാരിന് മതിപ്പില്ല. ഈ അവസ്ഥയില്‍ കേരളത്തിന് അമിത പ്രധാന്യം നല്‍കേണ്ട എന്ന തീരുമാനത്തിലാണ് ദേശീയ നേതൃത്വം.
മുരളീധരന് പകരം ഇ. ശ്രീധരനെ പരിഗണിക്കാനുള്ള സാധ്യതകളും പറയപ്പെടുന്നു. അങ്ങനെയെങ്കില്‍ പുനഃ സംഘടനയ്ക്ക് ശേഷം മറ്റേതെങ്കിലും സംസ്ഥാനത്ത് നിന്നും അദ്ദേഹത്തെ രാജ്യസഭയിലെത്തിക്കും. സുരേഷ് ഗോപി നോമിനേറ്റഡ് അംഗമായതിനാല്‍ മന്ത്രിയാകാന്‍ കഴിയില്ല. അദ്ദേഹത്തിന് അവസരം നല്‍കാന്‍ തീരുമാനിച്ചാല്‍ ഇപ്പോഴുള്ള അംഗത്വം രാജി വച്ച് തെരഞ്ഞെടുപ്പിലൂടെ രാജ്യസഭയില്‍ എത്തേണ്ടി വരും. എന്നാല്‍ അത്തരം സാധ്യതകള്‍ ബിജെപി കേന്ദ്രങ്ങള്‍ തള്ളിക്കളയുന്നു. സംസ്ഥാന കമ്മിറ്റിക്ക് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് എന്ന നിലയില്‍ കേരളത്തിലെ മറ്റാരെയും പരിഗണിക്കാന്‍ ഇടയില്ല എന്നാണ് ബിജെപി നേതാക്കള്‍ നല്‍കുന്ന സൂചന.
ഇതരസംസ്ഥാന മലയാളിയായ രാജീവ് ചന്ദ്രശേഖറിനെ പരിഗണിക്കുന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. കേരളത്തിലെ ബിജെപി നേതൃത്വം ബഹിഷ്‌കരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ മുഖ്യ ഓഹരി ഉടമയായ അദ്ദേഹം ചാനലിന്റെ മുന്‍ ചെയര്‍മാന്‍ കൂടിയാണ്. കര്‍ണാടകയില്‍ നിന്നാണ് രാജീവ് രാജ്യസഭയിലെത്തിയിരിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ കേരളത്തിലെ ബിജെപിക്ക് അത് വി. മുരളീധരനെ ഒഴിവാക്കുന്നതിനെക്കാള്‍ വലിയ തിരിച്ചടിയായിരിക്കും. ഇത് മുന്‍കൂട്ടിക്കണ്ട് കൂടിയാണ് എഷ്യാനെറ്റ് ബഹിഷ്‌കരണം ഡല്‍ഹിയിലും ചര്‍ച്ചയാക്കാന്‍ മുരളീധരന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഏഷ്യാനെറ്റിന്റെ ഇടതുപക്ഷ ചായ്വ് ഉയര്‍ത്തിക്കാട്ടി രാജീവ് ചന്ദ്രശേഖറിന്റെ മന്ത്രിസ്ഥാനത്തിന് തടയിടാനാകും മുരളീധരന്റെ ശ്രമം.
കേന്ദ്ര സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധം പാളുന്നു എന്ന വിമര്‍ശനം ആര്‍എസ്എസ് പോലും ഉയര്‍ത്തിയത് ഡോ. ഹര്‍ഷ വര്‍ദ്ധന്റെ കസേരയ്ക്കും ഇളക്കം സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ പകരമാര് എന്ന ചോദ്യമാണ് കേന്ദ്രസര്‍ക്കാരിന് മുന്നിലുള്ളത്. പകരമൊരാളുടെ അഭാവത്തില്‍ ഹര്‍ഷവര്‍ദ്ധന്‍ തന്നെ തുടരാനും സാധ്യതകളുണ്ട്. റെയില്‍വെ, ധനം എന്നി വകുപ്പുകള്‍ക്ക് പുതിയ മന്ത്രിമാര്‍ വരുമെന്നാണ് സൂചന. ഈ വകുപ്പുകളില്‍ അതാത് രംഗങ്ങളിലെ വിദഗ്ധരെ പരിഗണിക്കും.
ഇ. ശ്രീധരന്‍ മന്ത്രിയായാല്‍ റെയില്‍വെയുടെ സ്വതന്ത്രചുമതലയുള്ള മന്ത്രിയാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. കോണ്‍ഗ്രസില്‍ നിന്നെത്തിയ ജ്യോതിരാദിത്യ സിന്ധ്യ, തൃണമൂലില്‍ നിന്നെത്തിയ മുകുള്‍ റോയി, വടക്കുകിഴക്കന്‍ മേഖലയിലെ ശക്തനായ നേതാവ് ഹിമന്ത ബിശ്വാസ് ശര്‍മ എന്നിവരും മന്ത്രിസഭയില്‍ ഉണ്ടാകും.