ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആശുപത്രിയിലെ 44 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ബാബുജഗ്ജീവന്‍റാം ആശുപത്രിയിലെ 44 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആശുപത്രി അടച്ചു. ഡല്‍ഹിയില്‍ 24 മണിക്കൂറുകള്‍ക്കിടെ അടച്ച രണ്ടാമത്തെ ആശുപത്രിയാണ് ജഗ്ജീവന്‍ റാം ആശുപത്രി.
ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് ആരോഗ്യ ഉദ്യോഗസ്ഥര്‍ എന്നിവര്‍ കോവിഡ് ബാധിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇത്രയധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒരു ആശുപത്രിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്. ജഹാംഗിര്‍പൂരിലെ ഹോട്ട് സ്പോട്ടിലാണ് ആശുപത്രി. ചികിത്സ തേടി ഇവിടെ നിരവധി കോവിഡ് രോഗികള്‍ എത്തിയിരുന്നു. ഇവരില്‍ നിന്നാവാം കൂടുതല്‍ പേര്‍ക്ക് വൈറസ് ബാധയുണ്ടാകാന്‍ ഇടയായത്.
അതേസമയം കൊവിഡ് വൈറസ് ബാധയെത്തുടര്‍ന്ന് അടച്ച ഡല്‍ഹി മയൂര്‍ വിഹാര്‍ ഫേസ് 3 സിആര്‍പിഎഫ് ക്യാമ്പിലെ കൂടുതല്‍ ജവാന്മാരുടെ കൊവിഡ് പരിശോധന നടത്തി. ക്യാമ്പില്‍ കരുതല്‍ നിരീക്ഷണത്തിലുള്ളവരെയാണ് പരിശോധിച്ചത്. 350 പേരാണ് ഇവിടെ കരുതല്‍ നിരീക്ഷണത്തിലുള്ളത്.
ഇന്നലെയാണ് ഡല്‍ഹി മയൂര്‍ വിഹാര്‍ ഫേസ് 3 സിആര്‍പിഎഫ് ക്യാപിലെ ജവാന്മാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിരീക്ഷണത്തിലാക്കിയവരില്‍ മൂന്നു മലയാളികളുമുണ്ട്. ജവാന്മാരില്‍ കുറച്ചുപേരെ ചാവ്ല ഐടിബിപി ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. അവധി കഴിഞ്ഞെത്തിയ ജവാനില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നത്.