വയനാട് : ആനപ്പാറ ഹൈസ്കൂളിൽ ആദിവാസി വിഭാഗത്തിലുള്ള നാലാം ക്ലാസ് വിദ്യാർത്ഥിയെ ഹോസ്റ്റൽ വാച്ചര്‍ ക്രൂരമായി ശിക്ഷിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
വയനാട് ജില്ലാ പോലീസ് മേധാവി അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം പി മോഹനദാസ് ഉത്തരവിട്ടു. ട്രൈബൽ ഡവലപ്മെന്റ് ഓഫീസറും വിദ്യാഭ്യാസ ഉപഡയറക്ടറും റിപ്പോർട്ട് സമർപ്പിക്കണം. പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ച് ശിക്ഷ വാങ്ങി നൽകണമെന്ന് കമ്മീഷൻ ഉത്തരവിൽ ആവശ്യപ്പെട്ടു. ഗുണനപ്പട്ടിക തെറ്റിയതിനാണ് കുട്ടിയെ ക്രൂര മർദ്ദനത്തിന് ഇരയാക്കിയത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ കുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ ഹോസ്റ്റൽ വാച്ചര്‍ അനൂപിനെതിരെ അമ്പലവയൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. മര്‍ദ്ദനത്തെത്തുടര്‍ന്ന് വിദ്യാര്‍ത്ഥി നടക്കാന്‍ കഴിയാതെ ഹോസ്റ്റലില്‍ കിടക്കുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞിട്ടും വേദന മാറാതായതോടെ കുട്ടി ഇക്കാര്യം വീട്ടിലറിയിച്ചു. തുടര്‍ന്ന് വീട്ടില്‍ നിന്നും ആളെത്തി ചോദിച്ചപ്പോഴാണ് മര്‍ദ്ദിച്ച കാര്യം പുറത്തറിയുന്നത്. കുട്ടിയുടെ അച്ഛന്‍ മരത്തില്‍ നിന്നും വീണ് കിടപ്പിലാണ്. പഠിപ്പിക്കാന്‍ പണമില്ലാത്തതിനാലാണ് മകനെ ഹോസ്റ്റലില്‍ നിര്‍ത്തിയതെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കുട്ടിയുടെ നട്ടെല്ലിനാണ് അടിയേറ്റത്. നേരത്തെയും ഹോസ്റ്റലിൽ തനിക്ക് മർദനം ഏറ്റിട്ടുണ്ടെന്ന് വിദ്യാർത്ഥി പറയുന്നു. വിദ്യാർത്ഥിയെ ചികിത്സിച്ച ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്നാണ് അമ്പലവയൽ പോലീസ് എത്തി കേസെടുത്തു അന്വേഷണം തുടങ്ങിയത്.