കൊച്ചി : ലോക്ഡൌൺ മൂലം ദുരിതത്തിലായ ഹോട്ടൽ – ടൂറിസം മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹോട്ടൽ എംപ്ലോയീസ് യൂണിയൻ മുഖ്യമന്ത്രിക്കും ടൂറിസം വകുപ്പ് മന്ത്രിക്കും നിവേദനം നൽകി.
ലോക്‌ഡൌൺ മൂലം ആയിരക്കണക്കിന് തൊഴിലാളികള്‍ക്ക് തൊഴിൽ നഷ്ടപ്പെട്ടുകഴിഞ്ഞു. ഇവരില്‍ ബഹുഭൂരിപക്ഷവും കുറഞ്ഞ ശമ്പളത്തിൽ ജോലി ചെയ്തിരുന്നവരും അന്നന്നത്തെ വരുമാനം കൊണ്ട് കുടുംബം പുലര്‍ത്തിയിരുന്നവരുമാണ്. ജോലി നഷ്ടമായതോടെ ഇവരുടെ കുടുംബവും പട്ടിണിയിലാണ്. സൌജന്യമായി ലഭിക്കുന്ന കിറ്റുകളിലൂടെയാണ് ജീവിതം തള്ളിനീക്കുന്നത്. പലരും ആത്മഹത്യയുടെ വക്കിലെത്തി നിൽക്കുകയാണ്. ഈ നില തുടർന്നാൽ ഹോട്ടൽ, ടൂറിസം മേഖലയിലെ തൊഴിലാളികളുടെ ഇടയിൽ വലിയൊരു ദുരന്തമാകും ഉണ്ടാകുക.
കഴിഞ്ഞ സർക്കാർ ടൂറിസം തൊഴിലാളി ക്ഷേമനിധി ബോർഡ് , ടൂറിസം ഹോട്ടൽ തൊഴിലാളികൾക്കായി കേരള ബാങ്ക് മുഖേനെ വായ്പാ പദ്ധതി എന്നിവ പ്രഖ്യാപിച്ചിരുന്നു എങ്കിലും ഇവയൊന്നും പ്രാവർത്തികമായില്ല. ഈ മേഖലയിലെ തൊഴിലാളികളുടെ ഇപ്പോഴുള്ള ദുരവസ്ഥ പരിഹരിക്കുന്നതിന് മുഖ്യമന്ത്രിയും ടൂറിസം വകുപ്പ് മന്ത്രിയും അടിയന്തിരമായി ഇടപെടുകയും ഹോട്ടൽ – ടൂറിസം തൊഴിലാളികൾക്ക് ധനസഹായവും ആശ്വാസ നടപടികളും കൈക്കൊള്ളുകയും ചെയ്യണമെന്ന് ഹോട്ടൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ലിന്റോ കൂത്താട്ടുകുളം, സെക്രട്ടറി ബിജോയി തിരുവല്ല, ട്രഷറർ കിങ്സ്‌ലി മൂന്നാർ എന്നിവര്‍ ആവശ്യപ്പെട്ടു.