അടൂര്‍ : ചായക്കട ഉടമയായ സ്ത്രീയെ ടാപ്പിങ്ങ് തൊഴിലാളി കുത്തി പരിക്കേല്‍പ്പിച്ചു. പഴകുളം കോട്ടപ്പുറം പോക്കാട്ട് തെക്കേതില്‍ വീട്ടില്‍ ഷീബക്കാണ് (41) പരിക്കേറ്റത്.
ഷീബ നടത്തി വന്നിരുന്ന ചായക്കടയില്‍ ചായ കുടിക്കാന്‍ എന്നുപറഞ്ഞ് എത്തിയതായിരുന്നു ടാപ്പിങ്ങ് തൊഴിലാളി. തുടര്‍ന്ന് ഇയാള്‍ വീട്ടമ്മയെ ആക്രമിക്കാന്‍ ശ്രമിച്ചു. ആക്രമണം തടയാന്‍ ശ്രമിച്ച ഇവരുടെ വയറിലും തുടയിലും കുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതര പരിക്കേറ്റ ഷീബയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം സ്വദേശിയായ പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.