പത്തനംതിട്ട : കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ കള്ളനാക്കുന്ന വനംവകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പൊന്തന്‍പുഴ വനമേഖലയിലെ പ്ലാച്ചേരിയില്‍ നിന്നും പത്തനംതിട്ടയിലെ ഒരു ഹോട്ടലിലെ ഭക്ഷണ ബില്ലും ടിഷ്യു പേപ്പറുകളും കണ്ടെടുത്തതിനെ തുടര്‍ന്ന് പ്ലാച്ചേരിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ പത്തനംതിട്ടയില്‍ എത്തി ഹോട്ടല്‍ ഉടമയെ ചോദ്യം ചെയ്തു.
എന്നാല്‍ പൊതുസ്ഥലത്തോ വനമേഖലയിലോ തങ്ങള്‍ ഹോട്ടല്‍ മാലിന്യങ്ങള്‍ നിക്ഷേപിച്ചിട്ടില്ലെന്ന് ഹോട്ടല്‍ ഉടമ ഉറപ്പിച്ചു പറഞ്ഞു. ഹോട്ടലിലെ മാലിന്യങ്ങള്‍ പത്തനംതിട്ട നഗരസഭ ഏര്‍പ്പാട് ചെയ്ത കരാറുകാരനാണ് നല്‍കുന്നതെന്നും എല്ലാദിവസവും ഇവര്‍ ഹോട്ടലില്‍ എത്തി മാലിന്യങ്ങള്‍ ശേഖരിക്കുന്നുണ്ടെന്നും ഇതിന്റെ ഫീസായി പതിനയ്യായിരത്തോളം രൂപ പ്രതിമാസം നല്‍കുന്നുണ്ടെന്നും ഹോട്ടല്‍ ഉടമ വനപാലകരെ അറിയിച്ചു. മാലിന്യം ശേഖരിക്കുന്ന ഏജന്‍സിയുടെ വിലാസവും ഫോണ്‍ നമ്പരും വനപലകര്‍ക്ക് നല്‍കി. എന്നാല്‍ ഇന്ന് വീണ്ടും വനപാലകര്‍ എത്തി ഹോട്ടല്‍ ഉടമക്കെതിരെ കേസെടുക്കുവാന്‍ നീക്കം നടത്തി. തുടര്‍ന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതിയും ഹോട്ടല്‍ സംഘടനയും വിഷയത്തില്‍ ഇടപെട്ടു. ഹോട്ടല്‍ ഉടമയുമായി പ്ലാച്ചേരി ഫോറസ്റ്റ് ഓഫീസില്‍ നേതാക്കള്‍ എത്തി. എന്നാല്‍ ഹോട്ടല്‍ ഉടമയെ അറസ്റ്റു ചെയ്യണമെന്ന നിലപാടിലായിരുന്നു വനപാലകര്‍. തുടര്‍ന്ന് മാലിന്യം ശേഖരിച്ച കരാറുകാരനെ പ്ലാച്ചേരിയില്‍ വിളിച്ചുവരുത്തി. തുടര്‍ന്നാണ് ഹോട്ടല്‍ ഉടമയെ കേസില്‍ നിന്ന് ഒഴിവാക്കിയത്.
മനസ്സാ വാചാ അറിയാത്ത കാര്യത്തിനുവേണ്ടിയാണ് രണ്ടുദിവസം ഹോട്ടല്‍ ഉടമ മാനസികമായി പീഡിപ്പിക്കപ്പെട്ടത്. ആഹാരം വാങ്ങിക്കൊണ്ടു പോകുന്നവര്‍ ബില്ലും കൈതുടക്കുന്ന പേപ്പറും വഴിയരുകില്‍ ഉപേക്ഷിച്ചാല്‍ അതിന്റെ കുറ്റം ഹോട്ടല്‍ ഉടമയുടെ പേരില്‍ കെട്ടിവെക്കുന്നതിന്റെ ഉദ്ദേശശുദ്ധി എന്തെന്ന് വ്യാപാരികള്‍ ചോദിക്കുന്നു. വഴിയരുകില്‍ നിന്നും മില്‍മ പാല്‍ കവര്‍ കണ്ടെടുത്താല്‍ മില്‍മ ചെയര്‍മാനെ അറസ്റ്റ് ചെയ്യുമോ എന്നുമാണ് വ്യാപാരികളുടെ മറുചോദ്യം.
മാലിന്യത്തിനെതിരെയുള്ള നടപടികള്‍ വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നഗരസഭകളും പഞ്ചായത്തും മാലിന്യം ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കണം. ഇതിനു തുനിയാതെ ആര്‍ക്കെങ്കിലും കരാര്‍ നല്‍കി മാലിന്യ സംസ്കരണം എന്ന പരമ പ്രധാനമായ ഉത്തരവാദിത്വത്തില്‍ നിന്നും ഒളിച്ചോടുവാനുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത്. ഇതിന്റെ പേരില്‍ വ്യാപാരികള്‍ പീഡിപ്പിക്കപ്പെടുകയാണ്. മാസവാടകക്ക് കടമുറി എടുത്ത് കച്ചവടം ചെയ്യുന്നവര്‍ മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നത് പ്രാവര്‍ത്തികമല്ല. എന്നാല്‍ വാണിജ്യ സമുച്ചയങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അവിടെ മാലിന്യ സംസ്കരണ സംവിധാനം വേണമെന്ന് അധികൃതര്‍ക്ക് നിര്‍ദ്ദേശിക്കാം. അങ്ങനെ പാലിക്കപ്പെടുന്ന കടമുറികള്‍ മാത്രം വാടകക്കാരന് നല്‍കട്ടെ. പത്തനംതിട്ട നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബസ്സ് സ്റ്റാന്‍ഡിലെ കെട്ടിടത്തിന് മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിച്ച് നഗരസഭ ഇക്കാര്യത്തില്‍ മാതൃക കാണിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു.