ന്യൂഡല്‍ഹി: കൊറോണ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച പത്തില്‍ കേരളത്തിലെ രണ്ട് ജില്ലകളും. കൊറോണ അതീവ രൂക്ഷമായ 10 സ്ഥലങ്ങള്‍ ഹോട്ട് സ്‌പോട്ടുകളാക്കി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി. ദില്‍ഷാദ് ഗാര്‍ഡന്‍, നിസാമുദ്ദീന്‍, നോയിഡ, മീററ്റ്, ബില്‍വാര, അഹമ്മദാബാദ്, കാസര്‍കോട്, പത്തനംതിട്ട, മുംബയ്, പൂനെ എന്നിവയാണ് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.
10 പേര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിക്കുന്ന സ്ഥലങ്ങളെ ക്ലസ്റ്ററുകളായാണ് കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുന്നത്. ക്ലസ്റ്ററുകള്‍ കൂടിചേര്‍ന്നതാണ് ഹോട്ട് സ്‌പോട്ടുകള്‍. മരണനിരക്ക് ഉയര്‍ന്നതിനാലാണ് അഹമ്മദാബാദിനെ ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിച്ചത്. അഞ്ച് കേസുകളാണ് അഹമ്മദാബാദില്‍ സ്ഥിരീകരിച്ചതെങ്കിലും മൂന്ന് മരണങ്ങളുണ്ടായി.
100 പേര്‍ക്ക് ഒരു മരണം എന്നതാണ് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയിലുണ്ടാവുന്ന ശരാശരി മരണനിരക്ക്. ഇത് മറികടന്നതിനാലാണ് അഹമ്മദാബാദിനെ ഹോട്ട്സ്‌പോട്ടായി പ്രഖ്യാപിച്ചതെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ഹോട്ട്സ്‌പോട്ടുകളില്‍ പരിശോധനകള്‍ വ്യാപകമാക്കും. ഇത്തരം സ്ഥലങ്ങളിലെ നിരീക്ഷണം ശക്തമാക്കുമെന്നും ആരോഗ്യമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.