ആലപ്പുഴ: തീപിടുത്തം ഉണ്ടായ ഹൗസ് ബോട്ടിന് ലൈസന്‍സില്ലെന്ന് തുറമുഖ വകുപ്പ്. 2013 ല്‍ താല്‍ക്കാലിക ലൈസന്‍സ് മാത്രമാണ് ഹൗസ് ബോട്ടിന് ഉണ്ടായിരുന്നതെന്നും അതിനു ശേഷം ബോട്ട് മറ്റ് രണ്ടുപേര്‍ കൂടി വാങ്ങിയെങ്കിലും ലൈസന്‍സ് പുതുക്കിയില്ലെന്ന് തുറമുഖ വകുപ്പ് അറിയിച്ചു. ബോട്ട് ഇപ്പോള്‍ കോട്ടയം കുമരകം സ്വദേശിയുടെ ഉടമസ്ഥതയിലാണ് ഉള്ളത്. അനുമതിയില്ലാതെ ആറു വര്‍ഷമായി പ്രവര്‍ത്തിക്കുന്ന ഹൗസ് ബോട്ടിന്റെ യഥാര്‍ത്ഥ ഉടമയെ ഇതുവരെ കണ്ടെത്താനുമായില്ല. പൂര്‍ണമായി കത്തിയമര്‍ന്ന ബോട്ടില്‍ നിന്ന് സഞ്ചാരികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്.
ഇന്നലെയാണ് ആലപ്പുഴ പാതിരാമണലിന് സമീപം ഹൗസ് ബോട്ടിന് തീ പിടിച്ചത്. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. കുമരകത്തുനിന്നും യാത്ര പുറപ്പെട്ട ഓഷ്യാനോ എന്ന ബോട്ടിനാണ് തീ പിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് വിലയിരുത്തല്‍.
കുമരകത്തും ആലപ്പുഴയിലും ലൈസന്‍സില്ലാത്ത ബോട്ടുകള്‍ യഥേഷ്ടം സര്‍വീസ് നടത്തുന്നുണ്ടെന്നും അധികൃതര്‍ പരിശോധനക്ക് മടി കാണിക്കുകയാണെന്നും ബോട്ടുടമകള്‍ പറയുന്നു. പഴഞ്ചന്‍ ബോട്ടുകള്‍ക്ക് നിരക്കും കുറവാണ്. ജീവന്‍ പണയം വെച്ചാണ് ഇതില്‍ ഉല്ലസയാത്ര പോകുന്നതെന്ന് പലരും അറിയുന്നില്ല. തികച്ചും അപകടകരമായ ഈ നടപടിക്ക് കടിഞ്ഞാന്‍ ഇടേണ്ട ഉദ്യോഗസ്ഥര്‍ മൌനം വെടിഞ്ഞില്ലെങ്കില്‍ വന്‍ അപകടത്തിന് സാക്ഷ്യം വഹിക്കേണ്ടിവരുമെന്നും ഈ മേഖലയില്‍ ഉള്ളവര്‍ മുന്നറിയിപ്പ് നല്‍കുന്നു.