കൊച്ചി : വീട് കുത്തിത്തുറന്ന് പണവും ലാപ്‌ടോപ്പും കവര്‍ന്ന ബീഹാര്‍ സ്വദേശി പിടിയില്‍. കലൂര്‍ പുതിയ റോഡില്‍ ആളൊഴിഞ്ഞ വീട്ടില്‍ ഭവനഭേദനം നടത്തിയ ബീഹാര്‍ സ്വദേശിയായ ജഗാവുള്ളയെയാണ് പോലീസ് സംഘം ന്യൂ ഡല്‍ഹിയിലെ ഗലിയില്‍ നിന്നും സാഹസികമായി പിടികൂടി നാട്ടിലെത്തിച്ചത്. ഈ കേസില്‍ ഉള്‍പ്പെട്ട 17 വയസുകാരനായ ബീഹാര്‍ സ്വദേശിയെ പോലീസ് നേരത്തെ കണ്ടെത്തി ജുവനൈല്‍ ബോര്‍ഡിന് മുമ്പാകെ ഹാജരാക്കിയിരുന്നു. കേസിലെ മുഖ്യപ്രതിയായ ജഗാവുള്ള കറുകപ്പള്ളിയിലെ ബാഗ് നിര്‍മ്മാണ ശാലയില്‍ കുറച്ച് കാലം ജോലി ചെയ്തിരുന്നു. ഇവിടെ വെച്ചാണ് ഇവര്‍ മോഷണം ആസൂത്രണം ചെയ്തത്.
ഇതനുസരിച്ച് പുതിയ റോഡിലുള്ള ആളൊഴിഞ്ഞ ബാവാസ് മന്‍സില്‍ എന്ന വീട്ടില്‍ ജനുവരി 30 ാം തീയതിയും 31ാം തീയതിയും മോഷണം നടത്തി ഒരു ലക്ഷം രൂപയും ഒരു ലാപ് ടോപ്പും മോഷണം ചെയ്തു. 31-നാണ് മോഷണ വിവരം പുറത്തറിഞ്ഞത്. മോഷണ തുക പങ്കു വെച്ച ശേഷം പ്രധാന പ്രതിയായ ജഗാവുള്ള ബാഗ്ലൂരിലേയ്ക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന് ബോബെ വഴി ഡല്‍ഹിയിലെത്തിയ ഇയാള്‍ പഹാര്‍ ഗഞ്ച് എന്ന സ്ഥലത്തെ നബീ കരീം എന്ന ഗലിയിലെ ഒരു ബാഗ് നിര്‍മ്മാണ ശാലയില്‍ ജോലിയ്ക്ക് കയറി.
കുറ്റകൃത്യങ്ങള്‍ നടത്തിയ ശേഷം ഉത്തരേന്ത്യക്കാരായ കുറ്റവാളികള്‍ ഒളിവില്‍ താമസിക്കുന്ന സ്ഥലമാണ് പഹാര്‍ ഗഞ്ചും നബീ കരീമും. കഞ്ചാവിന്റെയും മയക്ക്മരുന്ന് വില്പനയുടെയും കേന്ദ്രമായ ചേരിയില്‍ മയക്കുമരുന്ന് വാങ്ങാനെത്തിയവരെന്ന വ്യാജേനയാണ് പോലീസ് അകത്ത് കയറിയത്. രണ്ട് ദിവസം മയക്ക് മരുന്ന് ഡീലര്‍മാര്‍ എന്ന വ്യാജേന അകത്ത് കടന്ന പോലീസ് ഗലിക്കകത്തെ ബാഗ് നിര്‍മ്മാണ ശാലകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്.