റിയാദ് : തെക്കൻ നഗരമായ ഖമീസ് മുഷൈത്തിലേക്ക് ഹൂതി മിലീഷ്യ വീണ്ടും ബാലിസ്റ്റിക് മിസൈൽ തൊടുത്തു. ജനവാസ മേഖലയെ ലക്ഷ്യമിട്ടെത്തിയ മിസൈൽ സൗദി നേതൃത്വത്തിലുള്ള സഖ്യസേന ആകാശത്ത് വെച്ച്തകർത്തു. മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നേരിയ നാശനഷ്ടമുണ്ടായി. മിസൈൽ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പാണ് പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതെന്ന് സഖ്യസേന വക്താവ് മേജർ ജനറൽ തുർക്കി അൽ മാലികി അറിയിച്ചു.
വ്യാഴാഴ്ചയും ഖമീസ് മുഷൈത്തിലും ജിസാനിലുമായി രണ്ട് ബാലിസ്റ്റിക് മിസൈലുകൾ സഖ്യസേന തകർത്തിരുന്നു. ഖമീസ് മുഷൈത്തിലേക്ക് എത്തിയ നാല് ഡ്രോണുകളും തകർത്തതായി അൽ മാലികി വ്യക്തമാക്കി. മിസൈൽ തകർത്തതിനെ തുടർന്ന് അവശിഷ്ടങ്ങൾ ഖമീസ് മുഷൈത്തിലെ ജനവാസ മേഖലയിൽ പതിച്ചതായി സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. അവശിഷ്ടങ്ങൾ പതിച്ച് ഏതാനും കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും നേരിയ നാശനഷ്ടമുണ്ടായി. ബന്ധപ്പെട്ട അധികൃതർ സ്ഥലത്ത് അടിയന്തര നടപടികൾ സ്വീകരിച്ചു.
സാധാരണക്കാരെയും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയും സംരക്ഷിക്കുന്നതിനും ഹൂതി മിലീഷ്യയുടെ ആക്രമണങ്ങൾ തടയുന്നതിനുമായി സഖ്യസേന പ്രവർത്തന നടപടികൾ തുടരുകയാണെന്ന് അൽ മാലികി പറഞ്ഞു. ഒക്ടോബർ രണ്ടിനും ഖമീസ് മുഷൈത്തിലേക്ക് ഹൂതികൾ വിക്ഷേപിച്ച മറ്റൊരു ബാലിസ്റ്റിക് മിസൈൽ കൂടി സൗദി പ്രതിരോധ സേന തടഞ്ഞ് നശിപ്പിച്ചതായി അൽ മാലികി അറിയിച്ചു. തുടർച്ചയായ ദിവസങ്ങളിൽ സൗദിക്കെതിരെ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ആക്രമണശ്രമങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം മദീനയിലെ വൈദ്യുതി നിലയത്തിന് നേർക്കും ഹൂതികൾ ആക്രമണം നടത്തിയിരുന്നു. ഡ്രോൺ ആക്രമണത്തിൽ വൈദ്യുതി നിലയത്തിന് തകരാർ സംഭവിക്കുകയും ചെയ്തു. നിലയത്തിലെ ട്രാൻസ്ഫോമറുകളിൽ ഒന്ന് തകർന്നു. വൈദ്യുതി നിലക്കാതിരിക്കാൻ ക്രമീകരണം ഒരുക്കിയതായി വൈദ്യുതി അതോറിറ്റി വ്യക്തമാക്കിയിരുന്നു.































