പൊതുവിൽ പ്രമേഹം എന്ന് കേൾക്കുമ്പോൾ നമ്മൾ മധുരം അമിതമായി കഴിച്ചത് മൂലമാണ് എന്നാണ് ചിന്തിക്കുക. അതുകാരണം പലപ്പോഴും മധുരം കുറച്ച് ആഹാരത്തിൽ നിന്നും ഉപ്പ് ഒട്ടും കുറക്കാത്തവരുണ്ട്. എന്നാൽ പുതിയ പഠനങ്ങൾ പ്രകാരം പഞ്ചസാര മാത്രമല്ല അമിതമായി ഉപ്പ് കഴിക്കുന്നതും പ്രമേഹത്തിന് കാരണമാകുന്നുണ്ട് എന്നാണ് പറയുന്നത്. അതെങ്ങനെയെന്ന് നോക്കാം. പ്രമേഹ രോഗികളിൽ പലരും തങ്ങളുടെ ആഹാരത്തിൽ നിന്നും പഞ്ചസാര ഒഴിവാക്കിയാലും ഉപ്പ് ഒഴിവാക്കാത്തവരാണ്. എന്നാൽ, Tulane University ഈ അടുത്ത് നടത്തിയ ഒരു പഠനത്തിൽ അമിതമായി ഉപ്പ് കഴിക്കുന്നതും പ്രമേഹത്തിലേയ്ക്ക് നയിക്കുന്നതായി ചൂണ്ടികാണിക്കുന്നു. പ്രത്യേകിച്ച് ടൈപ്പ് 2. യുകെയിൽ 4 ലക്ഷണം ആളുകളിൽ നടത്തിയ പഠനത്തിലാണ് അമിതമായ ഉപ്പിന്റെ ഉപയോഗം പ്രമേഹത്തിലേയ്ക്ക് നയിക്കുന്നതായി ഇവർ കണ്ടെത്തിയത്. ആഹാരത്തിന് സത്യത്തിൽ രുചി വർദ്ധിപ്പിക്കുന്നതിലും അതുപോലെ രുചി നൽകുന്നതിനും ഉപ്പ് വലിയൊരു പങ്ക് വഹിക്കുന്നുണ്ട്. നല്ല രുചികരമായ ആഹാരം നമ്മൾക്ക് ലഭിച്ചാൽ നമ്മൾ പോലും അറിയാതെ ഒരുപാട് കഴിക്കുകയും ചെയ്യും. അമിതമായി ആഹാരം കഴിക്കുന്നത് നമ്മളുടെ ശരീരത്തിലെ ഗ്ലൂക്കോസ് ലെവൽ വർദ്ധിക്കുന്നതിന് ഒരു പ്രധാന കാരണമാകുന്നുണ്ട്. ഗ്ലൂക്കോസ് വർദ്ധിച്ചാൽ അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നു. ഇത് പ്രമേഹത്തിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കുന്നു.
12 വർഷത്തോളം തുടർച്ചയായി നടത്തിയ പഠനത്തിന്റേയും ഗവേഷണത്തിന്റേയും അടിസ്ഥാനത്തിൽ ഗവേഷകർ പറയുന്നത് ഇവർ തിരഞ്ഞെടെുത്ത സാമ്പിളിൽ തന്നെ 13000ത്തിൽ കൂടുതൽ ആളുകളിൽ പ്രമേഹം കണ്ടെത്തിയിരുന്നുവെന്നാണ്. ഇവരിൽ പലരും തങ്ങളുടെ ആഹാരത്തിലൂടെ 13 ശതമാനം അല്ലെങ്കിൽ 20 ശതമാനത്തോളം ഉപ്പ് കഴക്കുന്നവരായിരുന്നു. ഇതെല്ലാം പ്രമേഹ സാധ്യത വർദ്ധിപ്പിക്കുന്നതായി ഗവേഷകർ ചൂണ്ടികാണിക്കുന്നു. പ്രമേഹം വന്നാൽ അത് നമ്മളിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. പ്രത്യേകിച്ച് ശരീരം വരണ്ട് പോകുന്നതിന് കാരണമാകുന്നു. അതുപോലെ ശരീരത്തിൽ മുറിവുകൾ ഉണ്ടായാൽ വേഗത്തിൽ ഉണങ്ങാതെ വ്രണപ്പെടുന്നതിന് ഇത് കാരണമാകുന്നുണ്ട്. ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യത പ്രമേഹരോഗികളിൽ വളരെ കൂടുതലാണ്.
സ്ട്രോക്ക് പോലെയുള്ള ആരോഗ്യ പ്രശ്നങ്ങളും ഇവരിൽ അമിതമായി കണ്ടെന്ന് വരാം. ചിലരിൽ വൃക്കരോഗങ്ങൾ വരാനുള്ള സാധ്യത വർദ്ധിക്കുന്നുണ്ട്. കാഴ്ച്ചശക്തി മങ്ങുന്നത്, നാഢീവ്യൂഹത്തിലുണ്ടാകുന്ന കേടുപാടുകൾ, കാര്യങ്ങൾ മനസ്സിലാക്കാനും തിരിച്ചറിയാനുമുള്ള ശേഷിക്കുറവ് എന്നിവയെല്ലാം തന്നെ പ്രമേഹരോഗികൾ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങളാണ്. നിങ്ങൾക്ക് പ്രഷർ, ഷുഗർ എന്നീ രോഗങ്ങൾ ഇല്ലെങ്കിലും ആരോഗ്യം ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഇതിനായി ആഹാരത്തിൽ നിന്നും അമിതമായിട്ടുള്ള ഉപ്പ്, പഞ്ചസാര എന്നിവ കുറയ്ക്കാവുന്നതാണ്. അതുപോലെ തന്നെ അമിതമായി ഉപ്പ് അടങ്ങിയ ആഹാരങ്ങൾ കുറയ്ക്കേണ്ടത് വളരെ അനിവാര്യമാണ്.