കൊച്ചി : കേന്ദ്ര നിയമത്തിലെ പഴുതുകള്‍ മുതലെടുത്തുകൊണ്ടു നിക്ഷേപകരെ വഞ്ചിക്കുകയാണ് കേരളത്തിലെ ബഹുഭൂരിപക്ഷം നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളും (NBFC). ഒരു കമ്പനിക്ക് ബിസിനസ് ചെയ്യുവാന്‍ പണം തടസ്സമായി വന്നാല്‍ അത് പരിഹരിക്കുക എന്ന ഒറ്റ ഉദ്ദേശലക്ഷ്യത്തിലാണ് NBFC കള്‍ക്ക് കടപ്പത്രത്തിലൂടെ നിക്ഷേപം സ്വീകരിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇങ്ങനെ സ്വീകരിക്കുന്ന പണം ഒരു നിശ്ചിത കാലാവധി കഴിഞ്ഞുമാത്രം തിരികെ നല്‍കിയാല്‍ മതി. അതിനാല്‍ ആശങ്കകള്‍ ഒന്നുമില്ലാതെ ഈ പണം ബിസിനസ്സില്‍ മുടക്കുവാന്‍ കമ്പനിക്ക് കഴിയും. കടപ്പത്രം മുഖേന സ്വീകരിക്കുന്ന പണം ബിസിനസ്സില്‍ മുടക്കി കൂടുതല്‍ ലാഭം നേടുമ്പോള്‍ കടപ്പത്രത്തിന്റെ മുഖവിലയും അതുവരെയുള്ള പലിശയും മടക്കിനല്കുവാന്‍ കമ്പനിക്ക് കഴിയും.
എന്നാല്‍ ഇന്ന് കടപ്പത്രം ഇറക്കുന്നത് ഒരു വമ്പന്‍ ബിസിനസ്സായി മാറ്റിയിരിക്കുകയാണ് ചില NBFC കള്‍. ഇതിന്റെ രുചി മനസ്സിലാക്കിയവര്‍ ഇന്ന് ചെയ്യുന്ന ബിസിനസ് ഇതുമാത്രമാണ്. NBFC കളുടെ ഗോള്‍ഡ് ലോണ്‍ ബിസിനസ് നിലച്ചിട്ട് 10 മാസത്തോളമായി. മൈക്രോ ഫിനാന്‍സ് ലോണുകള്‍ കൈകാര്യം ചെയ്യുന്നവര്‍ വിരളമാണ്. വസ്തു ഈടിന്മേല്‍ വായ്പ കൊടുക്കുവാനും വാഹന വായ്പ നല്‍കുവാനും ആര്‍ക്കും താല്‍പ്പര്യമില്ല. വായ്പ മുടങ്ങിയാലുള്ള റിക്കവറി നടപടികളും അതിന്റെ നൂലാമാലകളുമാണ് ഇവരെ പിന്തിരിപ്പിക്കുന്നത്. അപ്പോള്‍ പിന്നെ എന്ത് ബിസിനസ് ചെയ്തിട്ടാണ് NBFC കള്‍ ലാഭമുണ്ടാക്കുന്നത്. ഓരോ വര്‍ഷവും NCD യിലൂടെ സമാഹരിക്കുന്ന ആയിരക്കണക്കിനു കോടി രൂപ എങ്ങനെ തിരികെ നല്‍കും. ഒരു ബിസിനസ്സും ചെയ്യാതെ എങ്ങനെ പലിശ കൊടുക്കും?.
മുകളില്‍ പറഞ്ഞകാര്യങ്ങള്‍ മിക്ക NBFC മുതലാളിമാരും അംഗീകരിക്കില്ല. മിക്കവരുടെയും ബ്രോഷറുകളിലും പരസ്യങ്ങളിലും ഇവര്‍ ചെയ്യുന്ന എണ്ണിയാല്‍ ഒടുങ്ങാത്ത ബിസിനസ്സുകളും കോടികള്‍ ലാഭമുണ്ടാക്കുന്ന കഥകളുമാണ് ജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നത്. മായാജാലക്കാരന്റെ മുമ്പില്‍ അകപ്പെട്ടവരുടെ അവസ്ഥയിലാണ് നിക്ഷേപകര്‍. യഥാര്‍ഥ വസ്തുത തിരിച്ചറിയാതെയാണ് വലിയൊരുവിഭാഗം ജനങ്ങളും NCD യില്‍ ലക്ഷങ്ങളും കോടികളും വളരെ ലാഘവത്തോടെ നിക്ഷേപിക്കുന്നത്. ചില കടപ്പത്രങ്ങള്‍ക്ക് മാസംതോറും പലിശ നല്‍കും. പ്രതിമാസം ഒരു നിശ്ചിത തുക പലിശയായി ലഭിക്കുന്നതിനാല്‍ പലരും NCD നിക്ഷേപത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്.
NBFC മുതലാളിമാര്‍തന്നെ വന്‍തോതില്‍ മുക്കുപണ്ടം തങ്ങളുടെ ശാഖകളില്‍ പണയമായി തിരുകിക്കയറ്റും. ഇതിലൂടെ ആസ്തികള്‍ പെരുപ്പിച്ചുകാണിക്കുകയാണ് പല NBFC കളും. ഇതൊന്നും പരിശോധിക്കുവാനോ നടപടി സ്വീകരിക്കുവാനോ നിലവില്‍ ഒരു സംവിധാനവും നിലവിലില്ല. പെരുപ്പിച്ചു കാണിക്കുന്ന ഈ ആസ്തികളാണ് പല NCD കളുടെയും സെക്യൂരിറ്റി. കണക്കില്‍ മായാജാലം കാണിക്കുവാന്‍ ചാര്‍ട്ടേഡ് അക്കൌണ്ടന്റ്മാരും നിയമപരമായ രേഖകള്‍ എഴുതിപ്പിടിപ്പിക്കുവാന്‍ കമ്പനി സെക്രട്ടറിമാരും കൂടെയുണ്ടെങ്കില്‍ ഒരു മുതലാളിക്കും തിരിഞ്ഞു നോക്കേണ്ടിവരില്ല. മുതലാളിയുടെ കൂടെ ഇവരും തടിച്ചുകൊഴുക്കും. ഇവര്‍ നല്‍കുന്ന രേഖകളാണ് റിസര്‍വ് ബാങ്കിനും സെബിക്കും മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫെഴ്സിനും റേറ്റിംഗ് നല്‍കുന്ന ക്രഡിറ്റ് എജന്‍സികള്‍ക്കും സമയാസമയങ്ങളില്‍ നല്‍കുന്നത്. ഈ രേഖകളുടെ അടിസ്ഥാനത്തിലാണ് കടപ്പത്രങ്ങള്‍ (NCD) ഇറക്കുന്നത്.
തങ്ങള്‍ എടുത്ത NCD സെക്യൂഡ് ഡിബെഞ്ചര്‍ ആണെന്ന് അഭിമാനത്തോടെയും തികഞ്ഞ ആത്മവിശ്വാസത്തോടെയുമാണ് പലരും പറയുന്നത്. എന്നാല്‍ വിഡ്ഢികളുടെ …അല്ല പമ്പര വിഡ്ഢികളുടെ ലോകത്താണ് തങ്ങളെന്ന കാര്യം ഇവര്‍ അറിയുന്നില്ല. കോട്ടയത്തെ ഒരു NBFC യുടെ പരസ്യത്തില്‍ തങ്ങള്‍ വന്‍ വ്യവസായ ഗ്രൂപ്പ് ആണെന്നാണ് അവകാശപ്പെടുന്നത്. കേരളത്തിലെ രണ്ടു വലിയ NBFC കളുടെ പേരിനോടൊപ്പം കോട്ടയത്തെ ഈ NBFC യുടെ പേരും ഉള്‍പ്പെടുത്തി, ഇവരൊന്നും ഒരിക്കലും പൂട്ടിക്കെട്ടില്ല എന്ന് ഒരു പ്രമുഖ ഓണ്‍ ലൈന്‍ ചാനലിനെക്കൊണ്ട് വാര്‍ത്ത ചെയ്യിക്കുകയും ചെയ്തിരുന്നു. >>> പരമ്പര തുടരും . സാമ്പത്തിക തട്ടിപ്പിന്റെ കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ https://pathanamthittamedia.com/category/financial-scams
—
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]