വസ്ത്രങ്ങളിൽ നിന്നും എത്ര ചായക്കറയെയെയും തുരത്താൻ ഇനി പറയുന്ന കാര്യങ്ങൾ പരീക്ഷിച്ചാൽ മതിയാകും.
തണുത്ത വെള്ളം
വസ്ത്രങ്ങളിൽ ചായക്കറ പറ്റിയാൽ ഉടനടി തന്നെ ചെയ്യേണ്ട കാര്യമാണ് നല്ലതുപോലെ തണുത്ത വെള്ളത്തിൽ കഴുകിയെടുക്കുക എന്നത്. ചായ വെള്ളത്തിൽ ലയിക്കുന്ന ഒന്നായതു കൊണ്ടുതന്നെ നന്നായി തിരുമ്മി കഴുകുമ്പോൾ തന്നെ കറ ഇളകിപോകാനിടയുണ്ട്. ഇനിയും പോയിട്ടില്ലെങ്കിൽ വസ്ത്രം മറിച്ചിട്ടതിനുശേഷം കറ പറ്റിയ ഭാഗം ഒന്നോ രണ്ടോ മിനിറ്റ് നേരം മൃദുവായി ഉരച്ചു കഴുകാം. തണുത്ത വെള്ളത്തിൽ കുറച്ചു സമയം കൂടി തുണി വെയ്ക്കുന്നതോടെ പതിയെ കറ മുഴുവൻ പോകുന്നത് കാണുവാൻ കഴിയും.
ലിക്വിഡ് ഡിറ്റർജന്റ്
വെള്ളത്തിൽ കഴുകിയിട്ടും കറ അല്പം പോലും ഇളകിയിട്ടില്ലെങ്കിൽ ലിക്വിഡ് ഡിറ്റർജന്റ് ഉപയോഗിക്കാം. ചായക്കറ പറ്റിയ തുണി ഇരുപതു മുതൽ മുപ്പതു മിനിട്ടു വരെ തണുത്ത വെള്ളത്തിൽ മുക്കിവെച്ചതിനു ശേഷം കറ പറ്റിയ ഭാഗത്ത് ലിക്വിഡ് ഡിറ്റർജന്റ് പുരട്ടി കുറച്ച് നേരം വൃത്താകൃതിയിൽ തിരുമാം. ചായക്കറ പോകുന്നതായി കാണാം. ശേഷം വെള്ളത്തിൽ കഴുകി ഉണക്കിയെടുക്കാവുന്നതാണ്. കറ പറ്റിയതിന്റെ ഒരു അവശേഷിപ്പു പോലും കാണുവാൻ കഴിയുകയില്ല.
ബേക്കിങ് സോഡ
ഏറ്റവും മികച്ച ക്ലീനിങ് ഏജന്റുകളിൽ ഒന്നാണ് ബേക്കിങ് സോഡയെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. എത്ര കഠിനമായ കറ അകറ്റാനും ബേക്കിങ് സോഡ മതിയാകും. രണ്ടു തരത്തിൽ വസ്ത്രങ്ങളിൽ പറ്റിയ ചായക്കറ ബേക്കിങ് സോഡ ഉപയോഗിച്ച് മാറ്റാവുന്നതാണ്. ആദ്യ രീതി പ്രകാരം കറ പറ്റിയ ഭാഗത്ത് ബേക്കിങ് സോഡ വിതറിയിട്ടതിനു ശേഷം ഒരു രാത്രി മുഴുവൻ വെയ്ക്കാം. തൊട്ടടുത്ത ദിവസം കാലത്തു ഒന്നുരച്ച് കഴുകിയെടുക്കാം. എന്നാൽ സമയമൊട്ടുമില്ലെങ്കിൽ ബേക്കിങ് സോഡ കുറച്ചു വെള്ളത്തിൽ പേസ്റ്റ് രൂപത്തിൽ കലക്കിയെടുത്തു കറയുള്ള ഭാഗങ്ങളിൽ പുരട്ടാം. അൽപ സമയത്തിന് ശേഷം വെള്ളത്തിൽ കഴുകിയെടുക്കാം.
വിനാഗിരി
വസ്ത്രങ്ങളിൽ പറ്റിയ ചായക്കറ കളയാൻ ഏറ്റവും എളുപ്പ മാർഗങ്ങളിൽ ഒന്നാണ് വിനാഗിരി. വിനാഗിരിയുടെ ആസിഡിക് സ്വഭാവം കറകൾ പെട്ടെന്ന് അകറ്റും. തണുത്ത വെള്ളത്തിൽ ഒന്നോ രണ്ടോ ടീസ്പൂൺ വെള്ള വിനാഗിരി ഒഴിച്ചതിനു ശേഷം തുണികൾ മുക്കി കുറച്ചു സമയം മാറ്റിവെയ്ക്കുക. അൽപനേരം കഴിഞ്ഞു തണുത്ത വെള്ളത്തിൽ തുണി കഴുകിയെടുക്കാവുന്നതാണ്. വിനാഗിരി തുണികൾക്കു യാതൊരു തരത്തിലുള്ള കേടുപാടുകളും വരുത്തുകയില്ല.
ചെറുനാരങ്ങ
ചായക്കറ അകറ്റാൻ നമ്മുടെ അടുക്കളയിൽ മറ്റൊരു ഉഗ്രൻ വഴി കൂടിയുണ്ട്, ചെറുനാരങ്ങ. നാരങ്ങയിൽ അടങ്ങിയിരിക്കുന്ന സിട്രിക് ആസിഡ് ആന്റിബാക്റ്റീരിയൽ ആണ്. തുണികളിലെ കറകൾ അകറ്റാനിത് സഹായിക്കും. മേല്പറഞ്ഞതിൽ പോലെ തന്നെ ഇവിടെയും ചെയ്യാവുന്നതാണ്. വിനാഗിരിയ്ക്കു പകരമായി ഒരു ചെറുനാരങ്ങയുടെ നീര് ഒരു ബക്കറ്റ് വെള്ളത്തിലേക്ക് പിഴിഞ്ഞൊഴിച്ചതിനു ശേഷം കുറച്ചു സമയം മാറ്റി വയ്ക്കാം. ശേഷം നന്നായി കഴുകിയെടുക്കാം. തുണികളിലെ കറകൾ പാടെ അകറ്റാനിതു മികച്ചൊരു വഴിയാണ്.