തൃശൂർ : തൃശൂരിൽ രണ്ടിടങ്ങളിലായി വൻ മയക്കുമരുന്നു വേട്ട. കുതിരാൻ ദേശീയ പാതയിൽ പൈലറ്റ് വാഹനത്തിന്റെ അകമ്പടിയോടെ കടത്തിയ മുന്നേമുക്കാൽ കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. മറ്റൊരു സംഭവത്തിൽ കൊടുങ്ങല്ലൂരിൽ എം.ഡി.എം എയുമായി രണ്ടു യുവാക്കളെയും പിടികൂടി. പുത്തൂർ സ്വദേശി അരുണും കോലഴി സ്വദേശി അഖിലുമായിരുന്നു കുതിരാൻ ദേശീയ പാതയിൽ പിടിയിലായ ലഹരിക്കടത്തു കാർ. ആന്ധ്രയിൽ നിന്ന് എത്തിച്ചതാണ് ഹഷിഷ് ഓയിലും കഞ്ചാവും.
മൂന്നു കിലോഗ്രാം ഹഷിഷ് ഓയിലും 77 കിലോഗ്രാം കഞ്ചാവുമാണ് വാഹനത്തിലുണ്ടായിരുന്നത്. കഞ്ചാവിൽ നിന്ന് വാറ്റിയെടുക്കുന്ന ഹഷിഷ് ഓയിലിന് വിപണിയിൽ മോഹവിലയുണ്ട്. അരുൺ നേരത്തെ ലഹരിക്കടത്തിന് പിടിക്കപ്പെട്ടവനായിരുന്നു. ഇയാളുടെ ഫോൺ പോലീസ് നിരീക്ഷണത്തിലുമായിരുന്നു. അതുകൊണ്ട് തന്നെ പോക്കും വരവും സിറ്റി പോലീസ് കമ്മീഷ്ണറുടെ ലഹരി വിരുദ്ധ സ്‍ക്വാഡിന്റെ കൺവെട്ടത്തുണ്ടായിരുന്നു.