കോഴിക്കോട് : സംസ്ഥാനത്തെ ഹൗസ് സർജൻമാരുടെ ഡ്യൂട്ടി സമയം തീരുമാനിക്കുമ്പോൾ വിശ്രമ സമയം അനുവദിക്കണമെന്നും അവരുടെ പരാതികൾ കേൾക്കാനും പരിഹാരം കാണാനും എല്ലാ സർക്കാർ ആശുപത്രികളിലും സംവിധാനം ഒരുക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ. മെഡിക്കൽ കോളേജുകളിൽ ഇത്തരം സംവിധാനം ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ഉത്തരവ് നൽകി.
24 മുതൽ 48 മണിക്കൂർ വരെ ഹൗസ് സർജൻമാരെ ജോലിക്ക് നിയോഗിക്കുന്നു എന്നാരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. മെഡിക്കൽ വിദ്യാർത്ഥികൾ ഷിഫ്റ്റ് അനുസരിച്ചാണ് ജോലി ചെയ്യുന്നതെന്നും ജോലിയുടെ പേരിൽ ഇവർക്ക് മാനസിക സമ്മർദ്ദം ഉണ്ടാകാറില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രാത്രി കാല ഡ്യൂട്ടിക്ക് ആവശ്യാനുസരണം നഴ്സുമാരെ നിയോഗിക്കാറുണ്ട്. ഹൗസ്സർജൻസി എന്നത് പ്രവൃത്തി പരിചയത്തിന്‍റെയും പരിശീലനത്തിന്‍റെയും ഭാഗമാണ്.
മറ്റ് തൊഴിൽ മേഖല പോലെ സമയം നോക്കി നോലി ചെയ്യാൻ കഴിയുന്ന ഒന്നല്ല ആരോഗ്യ മേഖല. ചികിത്സാരംഗത്തെ ബുദ്ധിമുട്ടുകൾ മനസിലാക്കി കൊണ്ടു തന്നെയാണ് വിദ്യാർത്ഥികൾ മെഡിസിൻ പഠിക്കാനെത്തുന്നത്. മികച്ച ഡോക്ടർമാരായി സമൂഹത്തെ സേവിക്കുക എന്നതാണ് ഡോക്ടർമാരുടെ കർത്തവ്യം. അതിനാൽ പഠിക്കുന്ന കാലത്തെ ബുദ്ധിമുട്ടുകൾ സഹിക്കാൻ മെഡിക്കൽ വിദ്യാർത്ഥികൾ തയ്യാറാകണമെന്നും റിപ്പോർട്ടിൽ പറയുന്നു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട് സ്വീകരിച്ച കമ്മീഷൻ പരാതിയിൽ കഴമ്പുണ്ടെന്ന് ചൂണ്ടിക്കാണിച്ചു. അബു സുരയ്യ സക്രി സമർപ്പിച്ച പരാതിയിലാണ് നടപടി.